
ദക്ഷിണേന്ത്യയിലെ ബ്രഹ്മാണ്ഡ സംവിധായകനെന്ന് പലവട്ടം തെളിയിച്ച താരമാണ് എസ്.എസ്. രാജമൗലി. ഇപ്പോഴിതാ ഓസ്കർ മത്സരവേദിയിൽ തിളങ്ങാനൊരുങ്ങുന്നതിനു മുമ്പ് ആദ്യ രാജ്യാന്തര പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകന്. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ പുരസ്കാരനിർണയത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് ആണ് രാജമൗലി സ്വന്തമാക്കിയത്. അമേരിക്കയിലെ ആദ്യകാല ക്രിട്ടിക്സുകൾ അംഗമായ ഗ്രൂപ്പാണിത്. രാജമൗലി ഭാര്യ രമ രാജമൗലിക്കും മകന് എസ്.എസ്. കാർത്തികേയ്ക്കും ഒപ്പമാണ് അവാര്‍ഡ് ദാനച്ചടങ്ങില്‍ എത്തിയത്. അച്ഛന് അവാര്‍ഡ് വാങ്ങുന്ന ചിത്രം ട്വിറ്ററിലൂടെ മകന് സന്തോഷപൂര്‍വ്വം പങ്കുവച്ചിട്ടുണ്ട്. ആർആർആർ ഗോള്‍ഡൻ ഗ്ലോബ് നോമിനേഷനിലും ഇടം പിടിച്ചതാണ്. മികച്ച വിദേശ ഭാഷ ചിത്രം, മികച്ച ഒറിജിനൽ സോങ് എന്നീ വിഭാഗങ്ങളിൽ രണ്ട് നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജനുവരി 11നാണ് ഗോള്‍ഡൻ ഗ്ലോബ് പ്രഖ്യാപനം.
BEST DIRECTOR! ❤️🔥❤️🔥❤️🔥@ssrajamouli
ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആർആർആർ മികച്ച സിനിമ, സംവിധായകന്, നടന് തുടങ്ങി 15 വിഭാഗങ്ങളില്‍ ഓസ്കറിൽ മത്സരിക്കുന്നുണ്ട്. അമേരിക്കയിൽ മികച്ച സ്വീകാര്യതയാണ് രാജമൗലിയുടെ ആര് ആര് ആറിനുള്ളത്. ഹോളിവുഡ് സംവിധായകർപോലും സിനിമയെ പുകഴ്ത്തി രംഗത്തെത്തി. ജപ്പാനിലും ചിത്രത്തിന് റെക്കോർഡ് കളക്ഷനായിരുന്നു. ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതികരണമാണ് ആർആർആറിനെ ഓസ്കർ വരെ എത്തിച്ചിരിക്കുന്നത്.






