ശബരിമല: ഇരുപത്തിനാലു ദിവസം, 1700 കിലോമീറ്റര്‍. ഗുജറാത്തിലെ വഡോദരയില്‍നിന്നു കാല്‍നടയായി വന്ന് അയ്യപ്പദര്‍ശനം നടത്തി മോഡലും ചലച്ചിത്ര താരവുമായ സച്ചിന് മുരുകേശന്. കഴിഞ്ഞവര്‍ഷം കാല്‍നടയായി എത്തിയതിന് ഇന്‍ഫ്ളുവന്‍സര്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കോഡില്‍ സച്ചിന് ഇടംനേടിയിരുന്നു.
ഈ വലിയ നേട്ടം സമ്മാനിച്ച അയ്യപ്പനോടു നന്ദിപറയാനാണ് ഇക്കുറിയും കാല്‍നടയായി സച്ചിന് ശബരിമലയിലെത്തിയത്.
1700 കിലോമീറ്റര്‍ തുടര്‍ച്ചയായി കാല്‍നടയായി യാത്രചെയ്താണ് ശബരിമലയില്‍ എത്തിയത്. ചെറിയ വിശ്രമം ഒഴിച്ചാല്‍ ബാക്കിസമയം പൂര്‍ണമായി യാത്രയിലായിരുന്നു. കടന്നുവന്ന സംസ്ഥാനങ്ങളിലെല്ലാം സുരക്ഷയൊരുക്കാന്‍ പോലീസും തയ്യാറായി.
മുമ്പു പലരും 50 ദിവസത്തോളമെടുത്ത് കേരളത്തില്‍ നിന്നടക്കം വടക്കേ ഇന്ത്യയിലേക്കു യാത്രചെയ്തിട്ടുണ്ട്. എന്നാല്‍ കേവലം 24 ദിവസംകൊണ്ട് ശബരിമലയിലെത്തിയതാണ് തന്നെ നേട്ടത്തിലേക്കെത്തിച്ചതെന്ന് സച്ചിന് പറയുന്നു.






