തിരുവനന്തപുരം: വിനോദത്തിനുള്ള ഇടങ്ങളായ സിനിമാ തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിന്റെ യുക്തി ചര്‍ച്ചയായിരിക്കെ മഹേഷിന്റെ പ്രതികാരം കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തില്‍ ദേശീയ ഗാനം ആലപിക്കുന്ന രംഗത്തോട് പ്രേക്ഷകരുടെ പ്രതികരണം എന്തായിരിക്കുമെന്ന് ചിത്രം തുടങ്ങുന്നതിന് മുന്‍പ് തന്നെ ചിലര്‍ കൗതുകം പ്രകടിപ്പിച്ചിരുന്നു.
സിനിമയിലെ ഏറ്റവും രസകരമായ ആ രംഗം വന്നപ്പോള്‍ തീയറ്ററില്‍ ഉണ്ടായിരുന്ന ഭൂരിപക്ഷം പേരും എഴുന്നേറ്റു നിന്നു. പോലീസ് പിടിച്ചാലോ എന്ന് ഭയന്നാണ് ഭൂരിപക്ഷം പേരും എഴുന്നേറ്റത്. ഒന്നും മനസിലാകാതെ എഴുന്നേറ്റ് നിന്നവരും സിനിമയുടെ ഭാഗമായ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാതെ സീറ്റില്‍ ഉറച്ചിരുന്നവരുമുണ്ട്.
സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സിനിമയിലെ ദേശീയ ഗാനത്തിന് പോലും എഴുന്നേല്ക്കണോ ഇരിക്കണോ എന്നറിയാതെ വലിയ ആശയക്കുഴപ്പത്തിലാണ് പ്രേക്ഷകര്‍. ഇന്നലെ ടാഗോര്‍ തീയറ്ററിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. മലയാളം ടുഡെ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന് ഇനിയും രണ്ട് പ്രദര്‍ശനങ്ങള്‍ കൂടിയുണ്ട് മേളയില്‍.






