
ഫുട്ബോള്‍ പ്രേമികളുടെ ഇഷ്ടതാരമാണ് ഗാരത്ത് ബേയ്ല്. ഇക്കഴിഞ്ഞ ഖത്തറിലെ ഫിഫ ലോകകപ്പില്‍ വെയ്ല്‍സ് കുപ്പായത്തില്‍ ബെയ്ല് മൈതാനത്തിലിറങ്ങിയിരുന്നു. വെയ്ല്‍സിന്റെ എക്കാലത്തെയും മികച്ച താരമായി വിശേഷിക്കപ്പെടുന്ന ഗാരെത് ബെയ്ല് വെയ്ല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരത്തില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. വെയ്ല്‍സിന്റെ ടോപ് ഗോള്‍ സ്കോററും ബെയ്ലാണ്.
റയല്‍ മാഡ്രിഡ് ക്ലബിനൊപ്പം അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുള്ള ബെയ്ല് ഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍ സമ്മാനിച്ചിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ രാജ്യാന്തര ഫുട്ബോളുകളില് നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. മുപ്പത്തിമൂന്നാം വയസില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വെയ്ല്‍സ് റിട്ടയര്ട്ട്മെന്റ് പ്രഖ്യാപിച്ചത്. ‘‘സൂക്ഷ്മവും ചിന്താപൂർവ്വവുമായ പരിഗണനയ്ക്ക് ശേഷം ഞാൻ ക്ലബ്ബിൽ നിന്നും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും ഉടൻ വിരമിക്കൽ പ്രഖ്യാപിക്കുന്നു.
ഞാൻ ഇഷ്ടപ്പെടുന്ന സ്പോർട്സ് കളിക്കുക എന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞത് അവിശ്വസനീയമാംവിധം ഭാഗ്യമായി കരുതുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചില നിമിഷങ്ങൾ അത് എനിക്ക് തന്നിട്ടുണ്ട്. 17 സീസണുകളിലുള്ള ഏറ്റവും ഉയർന്ന ഉയരം, അത് ആവർത്തിക്കാൻ അസാധ്യമാണ്, അടുത്ത അദ്ധ്യായം എനിക്കായി സംഭരിച്ചിരിക്കുന്നതെന്തായാലും.” എന്നാണ് താരം കുറിച്ചത്.
— Gareth Bale (@GarethBale11) January 9, 2023
താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പോസ്റ്റ് സഹതാരങ്ങളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. കമന്റുകളിലൂടെ അവര്‍ അതറിയിച്ചിട്ടുമുണ്ട്. താരം രാജ്യത്തിനായി 111 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ 41 ഗോളുകള്‍ നേടി. ക്ലബ് കരിയറില്‍ റയല്‍ മാഡ്രിഡിന് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. 176 മത്സരങ്ങളില്‍ 81 തവണ ഗോളുകള്‍ നേടി. റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ക്ക് പുറമെ നാല് ഫിഫ ക്ലബ് ലോകകപ്പും മൂന്ന് ലാ ലീഗ കിരീടവും മൂന്ന് യുവേഫ സൂപ്പര്‍ കപ്പും ഒരു കോപ്പാ ഡെല്‍റേയും സ്വന്തമാക്കി.
സതാംപ്ടണ്, ടോട്ടനം, റയല്‍ മാഡ്രിഡ് എന്നീ വമ്പന്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള ഗാരെത് ബെയ്ല് അമേരിക്കന്‍ സോക്കര്‍ ലീഗില്‍ ലോസ് ആഞ്ചെലെസ് എഫ്സിക്കായാണ് അവസാനം കളിച്ചത്. 2006ല്‍ സതാംപ്ടണിലായിരുന്നു സീനിയര്‍ ക്ലബ് കരിയറിന്റെ തുടക്കം.
2007 മുതല്‍ 2013 വരെ ടോട്ടനത്തില്‍ കളിച്ചു. സതാംപ്ടണായി 40 കളിയില്‍ അഞ്ചും ടോട്ടനത്തിനായി 146 മത്സരങ്ങളില്‍ 42 ഉം ഗോള്‍ നേടിയ താരം 2013 മുതല്‍ 2022 വരെ റയല്‍ കുപ്പായമണിഞ്ഞു. അന്നത്തെ റെക്കോര്‍ഡ് തുകയ്ക്കാണ് റയലിലെത്തിയത്. ഇതിനിടെ 2020-2021 കാലത്ത് ലോണില്‍ ടോട്ടനത്തില്‍ തിരിച്ചെത്തുകയും ചെയ്തു. ടോട്ടനത്തിലേക്കുള്ള മടങ്ങിവരവില്‍ 20 കളിയില്‍ 11 തവണ വല കുലുക്കി. ഇതിന് ശേഷം 2022ലാണ് ലോസ് ആഞ്ചെലെസ് എഫ്സിയിലേക്ക് ചേക്കേറിയത്. ലോസ് ആഞ്ചെലെസ് 12 കളിയില്‍ രണ്ട് ഗോളാണ് നേടിയത്.


