ന്യുഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ മൂത്രമൊഴിച്ച യാത്രക്കാരന് പിടിയില്‍. ജൗഹാര്‍ അലി ഖാന് (39) എന്ന ബിഹാര്‍ സ്വദേശിയാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അന്നുതന്നെ ജൗഹാറിനെ ജാമ്യത്തില്‍ വിട്ടയച്ചു.
ഗേറ്റ് നമ്പര്‍-6ല്‍ നിന്നാണ് ജൗഹാര്‍ പരസ്യമായി മൂത്രമൊഴിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു. സ്ഥലത്ത് ബഹളം വയ്ക്കുകയും യാത്രക്കാരെ ചീത്തവിളിക്കുകയും ചെയ്ത ഇയാള്‍ അവിടെ ആകെ പ്രശ്നം സൃഷ്ടിച്ചിരുന്നു. സൗദി അറേബ്യയിലെ ദമാമിലേക്ക് പോകാന്‍ എത്തിയതായിരുന്നു യാത്രക്കാരന്.
പോലീസ് കസ്റ്റഡിയില്‍ എടുത്ത ജൗഹാറിനെ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ചതായി സ്ഥിരീകരിച്ചുവെന്ന് എയര്‍പോര്‍ട്ട് ഡിസിപി രവി കുമാര്‍ സിംഗ് പറഞ്ഞു.
നവംബര്‍ 26ന് ന്യുയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചയാളെ കഴിഞ്ഞയാഴ്ച അറസ്റ്റു ചെയ്തിരുന്നു. ബംഗലൂരുവില്‍ നിന്ന അറസ്റ്റിലായ മിശ്രയെ കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.






