
ഹൈലക്സ് പിക്കപ്പ് ട്രക്കിനുള്ള ബുക്കിംഗ് വീണ്ടും ആരംഭിച്ച വാര്‍ത്തയാണ് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ (TKM) പുറത്തുവിട്ടിരിക്കുന്നത്. വാഹനം രാജ്യത്ത് മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. പിക്കപ്പ് ട്രക്ക് ഇന്ത്യയില്‍ 33.99 ലക്ഷം രൂപ മുതല്‍ 36.80 ലക്ഷം രൂപ വരെയുമുള്ള എക്സ്ഷോറൂം വിലയില്‍ സ്വന്തമാക്കാനാവും. മോഡലിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ടൊയോട്ട അവകാശപ്പെടുന്നു. തങ്ങളുടെ വെബ്സൈറ്റ് വഴിയും ഡീലര്‍ഷിപ്പുകളിലും വാഹനം ഇപ്പോള്‍ ബുക്കിംഗിന് ലഭ്യമാണെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.
ഒരു പിക്കപ്പായും ഒരു എസ്യുവിയായുമൊക്കെ ഉപയോഗിക്കാവുന്ന കരുത്തന് രൂപമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ടൊയോട്ട ഹൈലക്സ് ഇന്ത്യയില്‍ ഡബിള്‍ ക്യാബ് കോണ്‍ഫിഗറേഷനില്‍ ലഭ്യമാണ്. ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്യുവിയുടെ അതേ പ്ലാറ്റ്ഫോമിലാണ് ഹൈലക്സും കമ്പനി നിര്‍മിച്ചിരിക്കുന്നത്. എന്നിരുന്നാലും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് അടിവരയിടുന്ന IMV-2 ആര്‍ക്കിടെക്ച്ചര്‍ പങ്കിടുന്നുണ്ടെങ്കിലും പിക്കപ്പ് ട്രക്കിന് 530 മില്ലീമീറ്റര്‍ നീളവും ഫോര്‍ച്യൂണറിനേക്കാള്‍ 340 മില്ലീമീറ്റര്‍ അധിക നീളമുള്ള വീല്‍ബേസും ഉണ്ട്. സെമി-നോക്ഡ് രീതിയില്‍ ഇന്ത്യയിലെത്തി ബെംഗളുരുവിലെ പ്ലാന്റില്‍ കൂട്ടിയോജിപ്പിച്ചാണ് ഹൈലക്സ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആഡംബര വാഹനങ്ങള്‍ക്ക് വേണ്ട സൗകര്യമെല്ലാം ഉണ്ടായിരിക്കും.
ഒരു കുടുംബത്തിന് മോശമല്ലാതെ യാത്രചെയ്യാനും കഴിയും എന്ന ഹൈലൈറ്റാണ് ടൊയോട്ട ഇവിടെ ഉയര്‍ത്തിക്കാട്ടുന്നത്. ഡബിള്‍ ക്യാബ് ബോഡി സ്റ്റൈലില്‍ മാത്രം ഇന്ത്യയില്‍ വില്പനക്കെത്തുന്ന ഹൈലക്സിന് 5,325 mm നീളവും 1,855 mm വീതിയും 1,815 mm ഉയരവും 3,085 mm വീല്‍ബേസുമുണ്ട്.കരുത്തുറ്റ പിക്കപ്പ് ട്രക്ക് 2.8 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനില്‍ നിന്നാണ് കരുത്ത് ഉള്‍ക്കൊള്ളുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. സുരക്ഷയുടെ കാര്യത്തിലും ടൊയോട്ട ഹൈലക്സ് സമ്പന്നനാണ്. അതിനായി വാഹനത്തില്‍ ഏഴ് എസ്ആര്‍എസ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്ട്രോള് (VSC), ട്രാക്ഷന്‍ കണ്ട്രോള് (TC), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള്, ഇബിഡിയുള്ള എബിഎസ്, ഡൗണ്‍ഹില്‍ അസിസ്റ്റ് കണ്ട്രോള്, പ്രതികൂല കാലാവസ്ഥയിലും റോഡ് സാഹചര്യങ്ങളിലും വാഹന നിയന്ത്രണം നിലനിര്‍ത്തുന്നതിനുള്ള ഒരു കൂട്ടം ഇലക്ട്രോണിക് സംവിധാനങ്ങള്‍ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.






