
തല അജിത്തിനൊപ്പമുള്ള മഞ്ജുവാര്യരുടെ ആദ്യ സിനിമയാണ് ‘തുനിവ്’. ചിത്രത്തിൽ അജിത്തിന്റെ നായികയായ കൺമണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാരിയർ അവതരിപ്പിക്കുന്നത്. ബാങ്ക് മോഷണം പ്രമേയകമാക്കിയ അജിത്തിന്റെ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അജിത്തിനൊപ്പം തന്നെ തുല്യ വേഷത്തിൽ മഞ്ജു വാരിയർ അഭിനയിക്കുന്നു എന്നതാണ് തുനിവിനെ മലയാളികൾക്കു പ്രിയപ്പെട്ടതാക്കുന്നത്.
ആക്ഷൻ രംഗങ്ങളില്‍ അതിഗംഭീര പ്രകടനമാണ് മഞ്ജുവിന്റേതെന്ന് കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. ഇപ്പോഴിതാ ‘തുനിവി’ന്റെ ആദ്യ ഷോ കാണാൻ കൊച്ചിയിലെത്തിയ മഞ്ജു ആദ്യ പ്രതികരണം അറിയിച്ചിരിക്കുകയാണ്. വിജയ് ചിത്രം വാരിസും തീർച്ചയായും കാണുമെന്നും തുനിവ് കണ്ട ശേഷം അജിത്തിനെ വിളിച്ചെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആക്ഷൻ സിനിമയുടെ ഭാഗമാകുന്നത് ഇതാദ്യമാണെന്നും ആ സിനിമയ്ക്ക് നല്ല റിസൽട്ട് കിട്ടിയതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
‘‘ഒരുപാട് കഷ്ടപ്പെട്ടാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാകുന്നു എന്നറിയുന്നതിൽ സന്തോഷം. കേരളത്തിലെ ആളുകളുടെ പ്രതികരണമെന്തെന്ന് സംവിധായകൻ അടക്കമുള്ളവർ ചോദിക്കുന്നുണ്ടായിരുന്നു. ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ടെന്നാണ് ഞാൻ അവരോട് പറഞ്ഞത്. ചെന്നൈയിൽ നിന്നും ഒരുപാട് വേർ വിളിച്ചു. സിനിമ ഫുൾ ലെങ്തിൽ ഇപ്പോഴാണ് ആദ്യമായി കാണുന്നത്. തമിഴ്നാട്ടിലെ ആരാധകർക്കൊപ്പം തുനിവ് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ തിരക്ക് കാരണമാണ് പോകാൻ കഴിയാതിരുന്നത്.’’–മഞ്ജു വാരിയർ പറഞ്ഞു.






