
ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ തങ്ങളുടെ ഐതിഹാസിക മോഡലായ അഞ്ച് ഡോറുകളുള്ള ജിംനിയെ അവതരിപ്പിച്ച് മാരുതി സുസുക്കി. പുത്തന്‍ ജിംനിക്കായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്കി സുസുക്കിയുടെ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം ഓണ്‍ലൈനായോ നെക്സ ഡീലര്‍ഷിപ്പിലൂടെയോ പ്രീ-ബുക്ക് ചെയ്യാം.
സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4WD സിസ്റ്റം ഉള്ള 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് ഇന്ത്യയിലെ പുതിയ ജിംനി 5-ഡോര്‍ പതിപ്പിന് തുടിപ്പേകാന്‍ എത്തുക. ഓഫ്-റോഡ് കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് ഈ സജ്ജീകരണത്തിന് മാനുവല്‍ ട്രാന്‍സ്ഫര്‍ കേസും ലോ റേഞ്ചും ലഭിക്കുന്നു. എസ്യുവിയുടെ വലിപ്പത്തിലേക്ക് നോക്കിയാല്‍ 3,985 mm നീളവും 1,645 mm വീതിയും 1,720 mm ഉയരവും 2,590 mm വീല്‍ബേസുമാണുള്ളത്. അകത്ത് ഡാഷ്ബോര്‍ഡ് ലേഔട്ടിലും വലിയ മാറ്റങ്ങളൊന്നും മാരുതി സുസുക്കി വരുത്തിയിട്ടില്ലെന്ന് മനസിലാക്കാം. മധ്യഭാഗത്ത് വലിയ ടച്ച്സ്ക്രീന്‍ സിസ്റ്റമാണ് ഇടംപിടിച്ചിരിക്കുന്നത്. മാരുതിയുടെ സ്മാര്‍ട്ട്പ്ലേ പ്രോ പ്ലസ് യൂണിറ്റാണിത്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ആര്‍ക്കമീസ് സൗണ്ട് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് ഇന്റീരിയറിനെ സമ്പന്നമാക്കുന്ന ഫീച്ചറുകള്‍.
ജിംനിയുടെ ഇന്റീരിയറിനെ പൂര്‍ണമായും കറുപ്പിലാണ് മാരുതി ഒരുക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഇലക്ട്രിക്കലി പ്രവര്‍ത്തിപ്പിക്കുന്ന സൈഡ് മിററുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്ട്രോളുകള്, പവര്‍ വിന്‍ഡോകള്‍ തുടങ്ങിയ സംവിധാനങ്ങളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. HVAC നിയന്ത്രണങ്ങള്‍ക്കായുള്ള സ്റ്റിയറിംഗ് വീല്‍, സര്‍ക്കുലര്‍ ഡയലുകള്‍ എന്നിവ പോലുള്ള ചില ബിറ്റുകള്‍ സ്വിഫ്റ്റിനെ ഓര്‍മപ്പെടുത്തുന്നതാണ്. 6 എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റുള്ള ESP, ഹില്‍ ഡിസന്റ് കണ്ട്രോള്, റിയര്‍ വ്യൂ ക്യാമറ, ഇബിഡി ഉള്ള എബിഎസ് എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.






