
തിരുവനന്തപുരം: ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുടെ കാര്യത്തില്‍ രണ്ടാമത് നില്ക്കുന്ന ക്രിസ്മസ് പുതുവത്സര ബംബറിന്റെ 16 കോടി അടിച്ചത് എക്സ് ഡി 236433 എന്ന നമ്പറിന്. 16 കോടിരൂപയാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് ഉടമയ്ക്ക് കിട്ടുക.
രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേര്‍ക്ക് ലഭിക്കും. പത്ത് സീരീസ് ടിക്കറ്റുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ആകെ സമ്മാനങ്ങള്‍ കഴിഞ്ഞ വര്ഷത്തിനേക്കാള് ഇരട്ടിയായും ഇക്കുറി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നാലാം സമ്മാനം 5000 രൂപ വീതം 64,800 പേര്‍ക്ക് വീതവും അഞ്ചാം സമ്മാനം 3000 വീതം 48,600 പേര്‍ക്കും ആറാം സമ്മാനം 2000 വീതം 64,800 പേര്‍ക്കും ഏഴാം സമ്മാനം 1000 രൂപ വീതം 210,600 പേര്‍ക്കുമാണ് ഇത്തവണ സമ്മാനങ്ങള്‍ കിട്ടുക.
വിജയിക്കുന്ന ടിക്കറ്റ് 30 ദിവസത്തിന് മുമ്പ് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. 5000 ന് മുകളിലുള്ള സമ്മാനങ്ങള്‍ ബാങ്കിലോ സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ നല്‍കണം. 5000 ല്‍ താഴെയുള്ള ടിക്കറ്റുകള്‍ ഏത് ലോട്ടറി സ്റ്റോറിലും നല്‍കാം. ക്രിസ്മസ് ന്യൂഇയര്‍ ബംപറിനായി 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 32,43,908 ടിക്കറ്റുകള്‍ വിറ്റഴിക്കുകയും ചെയ്തു.






