
ദാവോസ്: കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത കോട്ടയായ അമേഠിയില്‍ രാഹുല്‍ഗാന്ധിയെ ഞാന്‍ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ്സിന് ഇപ്പോഴും വളരെയേറെ വിഷമം ഉണ്ടാക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്വിറ്റ്സര്‍ലന്‍ഡിലെ സാവോസില് നടക്കുന്ന ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടിക്കിടെയാണ് കേന്ദ്ര ശിശുക്ഷേമ, വനിതാ .ന്യൂനപക്ഷകാര്യ മന്ത്രിയായ സ്മൃതി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത് .
''ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാകുക എന്നതാണ് നേതൃത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. മത്സരബുദ്ധിയുള്ളവരാണ് ഞങ്ങളും, പക്ഷേ സഹകരണ മനോഭാവം ഞങ്ങള്‍ക്ക് ഉണ്ട്. കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നത് കൊണ്ടല്ല ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ രാഹുല്‍ ഗാന്ധിയെ തോല്പിച്ച വസ്തുത ഇപ്പോഴും കോണ്‍ഗ്രസ്സിന് അംഗീകരിക്കാന്‍ ആയിട്ടില്ല. ''- അവര്‍ കൂട്ടിചേര്‍ത്തു.
2019 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും ഉറച്ച കോട്ടയായ അമേഠിയില്‍ അന്ന് കോണ്‍ഗ്രസ്സ് പ്രസിഡന്റായ രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു. '' നിങ്ങള്‍ക്കാര്‍ക്കും അവരുടെ വേദനയുടെ ആഴം അളക്കാന്‍ ആകുമോ ?. അവരിപ്പോള്‍ നോക്കുന്നത് ഓരോ ദിവസവും ഓരോ ഫോട്ടോയോ പോസ്റ്റോ ഇട്ട് ഞങ്ങളെ വേദനിപ്പിക്കാനാകുമോ എന്നാണ്. അത് നടക്കുമോ? . പക്ഷേ അതെല്ലാം കൊണ്ട് വരൂ എന്നാണ് ഞാന്‍ പറയാറ്. ഇവിടെ എനിക്ക് കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട് , കോണ്‍ഗ്രസ്സിന് വേണ്ടി ഞാനിവിടെ സമയം മാറ്റി വയ്ക്കണോ ? . സ്ത്രീകളുടേയും കുട്ടികളുടേയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഞാനിവിടെ വന്നിരിക്കുന്നത് .'' അവര്‍ കൂട്ടി ചേര്‍ത്തു.






