
‘മാളികപ്പുറം’ സിനിമ കണ്ടവരാരും ഒരു തേങ്ങല്‍ അവശേഷിപ്പിക്കുന്ന കല്ലുവിനെയും, അമ്മ സൗമ്യയെയും മറക്കില്ല. ഒരു അമ്മ കഥാപാത്രമായി പ്രേക്ഷകമനസ്സില്‍ കുടിയേറിയ സൗമ്യയും ശിക്കാരി ശംഭുവിലെ ആ കുട്ടിക്കുറുമ്പത്തിയും ഒക്കെ ഒരാളാണ്, ആല്‍ഫി പഞ്ഞിക്കാരന്‍. തേന്‍ മിഠായി ഇഷ്ടപ്പെടുന്ന ആ കുറുമ്പത്തി പെണ്ണ് വളരെ പെട്ടെന്ന് ഒരു പക്വതയുള്ള അമ്മയായി മാറിയെങ്കില്‍ അതിനു പിന്നിലുള്ളത് അഭിനയത്തോടുള്ള അകമഴിഞ്ഞ അര്‍പ്പണബോധമാണ്. കുഞ്ഞുനാള് മുതല്‍ സിനിമ സ്വപ്നം കണ്ടു നടന്നതു കൊണ്ടാവണം ആല്‍ഫിക്ക് ഇത്ര നല്ലൊരു വിജയചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്. സോഫ്റ്റ്വെയര് എന്‍ജിനീയറിംഗില്‍ ജോലി ചെയ്യുമ്പോഴും മനസ്സു കൊണ്ട് ആല്‍ഫി സിനിമയെ നെഞ്ചോടു ചേര്‍ക്കുന്നുണ്ട്. സ്വപ്നത്തില്‍ വിചാരിക്കാത്തതാണ് ‘മാളികപ്പുറ’ത്തിന്റെ വലിയ വിജയമെന്നത് ആല്‍ഫി തുറന്നു പറയുന്നു. വിജയസന്തോഷത്തില് മനസ്സു തുറക്കുകയാണ് ആല്‍ഫി...
ഇത്രയേറെ സ്വീകാര്യതയും വിജയവും പ്രതീക്ഷിച്ചില്ല
സത്യം പറഞ്ഞാല്‍ ‘മാളികപ്പുറം’ സിനിമ ഇത്ര കണ്ട് വിജയിക്കുമെന്ന് ഓര്‍ത്തതേയില്ല. എല്ലാം അതിന്റെ കൃത്യതയിലും തുല്യ അളവിലും ഈ സിനിമയിലുണ്ടായിരുന്നു എന്നത് സത്യം. ഈ സിനിമയുടെ അണിയറപ്രവര്‍ത്തകരെല്ലാം ഒരുപാട് ഹാര്ഡ്വര്ക്ക് ചെയ്തിരുന്നു. എല്ലാവരും അവരവരുടെ മാക്സിമം ഈ സിനിമയ്ക്കു വേണ്ടി നല്കിയതു കൊണ്ട് സിനിമ ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ ഇത്ര വലിയൊരു വിജയം ഞാന്‍ പ്രതീക്ഷിച്ചില്ല. 25 ദിവസം കഴിയുമ്പോഴും തുടക്കത്തിലുള്ള അതേ ആവേശത്തില്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നു എന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ട്. അഭിലാഷ് ചേട്ടന്റെ സ്ക്രിപ്റ്റ് ശരിക്കും പാക്ക്ഡാണ്. വളരെ കൃത്യതയുള്ള ഒരു തിരക്കഥ. ഞാനിതു വരെ പത്തിലധികം സിനിമ ചെയ്തിട്ടുണ്ട്, ആദ്യമായിട്ടാണ് എന്റെയൊരു സിനിമയ്ക്ക് ഇത്രയും മികച്ച പ്രതികരണങ്ങള്‍ കിട്ടുന്നത്. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമായതു കൊണ്ടാവാം വലിയ സന്തോഷമുണ്ട്.
കുടുംബപ്രേക്ഷകരാണ് വിജയിപ്പിച്ചത്
കോവിഡിന് ശേഷം കുടുംബപ്രേക്ഷകര്‍ ഇത്രയധികം തിയേറ്ററിലേക്കെത്തിയ സിനിമ വേറെയുണ്ടോ എന്ന് സംശയമാണ്. കുടുംബം മുഴുവനാണ് സിനിമ കാണാനെത്തുന്നത്. ഞങ്ങള്‍ പലയിടങ്ങളിലും തിയേറ്റര്‍ വിസിറ്റ് നടത്തിയിരുന്നു. പലരും ചിന്തിക്കുന്നത് ഞാനും ദേവുവും (ദേവനന്ദ) യഥാര്‍ത്ഥത്തില്‍ അമ്മയും മകളും തന്നെയാണ് എന്നാണ്. ഒരു അമ്മ വന്ന് ആദ്യം ഉണ്ണിയെ കെട്ടിപ്പിടിച്ചു, ദേവുവിനെ കെട്ടിപ്പിടിച്ചു. അത് സാധാരണമാണ്. പക്ഷേ എന്നെയും കെട്ടിപ്പിടിച്ചു കരഞ്ഞിട്ട്,‘ അമ്മയും മകളും കൂടി ഒരുപാട് കരയിപ്പിച്ചു... മോളും അമ്മയും കൂടി കരഞ്ഞപ്പോള്‍ ഞാനും കരഞ്ഞു...’’ എന്നൊക്കെ പറഞ്ഞു. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണത്. നന്നായി അഭിനയിച്ചു എന്നുള്ള ആ പ്രോത്സാഹനമാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വിജയം.
കല്ലുവിന്റെ അമ്മയാകാനുള്ള മുന്നൊരുക്കങ്ങള്‍
ഞാന്‍ ഈ സിനിമ ചെയ്യുന്ന സമയത്ത് ഏകദേശം അഞ്ച് കിലോ വെയിറ്റ് കൂട്ടിയിരുന്നു. കഥാപാത്രത്തിന്റെ മേക്കപ്പ് ചെയ്യുന്ന സമയത്ത് സ്കിന്‍ ടോണ്‍ ആണെങ്കിലും അല്‍പ്പം ഡിം ചെയ്തിരുന്നു. സിനിമയിലുടനീളം മാത്രമല്ല അതു കഴിഞ്ഞും ഞാനും ദേവുവും തമ്മില്‍ ഒരു പ്രത്യേക ബോണ്ട് രൂപപ്പെട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു അമ്മ വേഷം ഞാന്‍ ചെയ്യുന്നത്. ഇപ്പോഴും ആ കഥാപാത്രം എന്നിലെവിടെയൊക്കെയോ ഉണ്ട്. അതില്ലെന്ന് പറയാനാവില്ല. അതില്‍ അമ്മ വേഷം ചെയ്ത മനോഹരി അമ്മയായിട്ടും നല്ല സ്നേഹബന്ധം ഇപ്പോഴുമുണ്ട്. എന്നെ സംബന്ധിച്ച് ഒരു കുടുംബം പോലെയായി അതിലെ ഓരോരുത്തരും. പിന്നെ ഞാനും ദേവുവും തമ്മില്‍ മുഖസാമ്യമുണ്ട്, ചിരിയിലും സാമ്യതയുണ്ട്.
എന്റെ ചേച്ചിക്ക് രണ്ടു കുട്ടികളുണ്ട്. അവർ ഒന്നര വയസ്സ് വ്യത്യാസത്തിൽ ആണ് ഉണ്ടായത് അതുകൊണ്ട് അവരെ നോക്കിയുള്ള പരിചയം ഈ സിനിമയ്ക്ക് ഉപകാരപ്പെട്ടു. നെഞ്ച് നോവിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളുള്ള സീനുകൾ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ നന്നായി ചെയ്തു എന്ന പ്രതികരണം കിട്ടുന്നതു വലിയ സന്തോഷമാണ്. ചെയ്ത വർക്ക് നന്നായിരുന്നു എന്ന് കേൾക്കുന്നതാണല്ലോ ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ വിജയം.
ജാതി-മത ഭേദമന്യേയുള്ള വിജയം
പെണ്‍കുട്ടികള്‍ക്ക് ശബരിമലയിലേക്ക് പ്രവേശനമില്ല. എങ്കിലും ഈ സിനിമ വഴി അവിടേക്ക് എത്തിപ്പെടുന്ന ഒരു ഫീല്‍ എല്ലാവര്‍ക്കുമുണ്ടായി. പതിനെട്ടാം പടി എന്താണെന്ന് കാണാനും സിനിമയിലൂടെ അവിടെ എത്താനുമൊക്കെ കഴിയുക എന്നതു വലിയൊരു കാര്യമല്ലേ. സിനിമ കാണുന്നവരെല്ലാം കല്ലുവിനൊപ്പം ശബരിമലയിലേക്ക് മനസ്സു കൊണ്ടൊരു യാത്ര പോകുമെന്നതില്‍ ഒരു സംശയവുമില്ല. ‘തത്വമസി’ എന്നു പറയുന്നതടക്കം എല്ലാം ആ സിനിമയിലുണ്ട്. ജാതി-മത ഭേദമന്യേ എല്ലാവരിലും ഒരു ഫീല്‍ ഉണ്ടാക്കിയെടുത്തു എന്നതു തന്നെയാണ് ആ സിനിമയുടെ വിജയം. എന്റെ കുടുംബമാണെങ്കിലും വളരെ റിലീജിയസാണ്. അവരടക്കം എല്ലാവരും ഈ സിനിമ കണ്ടിറങ്ങിയപ്പോള്‍ സംസാരിച്ചത് കല്ലുവിന്റെ യാത്രയെക്കുറിച്ചാണ്.
തിരക്കഥ വായിച്ചപ്പോള്‍ തന്നെ എന്റെയുള്ളിലും ഒരു തേങ്ങല്‍ വന്നിരുന്നു. ഫസ്റ്റ് ഹാഫാണ് ശരിക്കും ആ സിനിമയുടെ നട്ടെല്ല്. സെക്കന്റ് ഹാഫ് മനോഹരമാണെങ്കിലും സിനിമയിലേക്ക് പിടിച്ചു നിര്‍ത്തുന്നത് ആദ്യ പകുതിയിലെ ഇമോഷനാണ്. ഭക്തി- മതം എന്നതിലുപരി മാനുഷികമായ ഒരു ഇമോഷനാണ് ആ സിനിമയെ അടുപ്പിക്കുന്നത്. ഇടവേളയിലാണെങ്കില്‍ പലരുമിരുന്ന് കരയുന്നത് ഞാന്‍ തിയേറ്റര്‍ വിസിറ്റിന്റെ സമയത്ത് കണ്ടിട്ടുണ്ട്. ബിജിഎം, തിരക്കഥ, അഭിനേതാക്കള്‍, സംവിധാനം, അണിയറപ്രവര്‍ത്തകര്‍... അങ്ങനെ എല്ലാം പെര്‍ഫെക്ട് ബ്ലെന്ഡിംഗായിരുന്നു. അതാണ് ഈ സിനിമ വിജയിക്കാനുള്ള കാരണം.
സിനിമയിലേക്കെത്തിയ വഴി
ഞാൻ പണ്ടു മുതലേ സിനിമ ഒരുപാട് കാണുന്ന ആളാണ്. സിനിമയുടെ ഭാഗികമാകണം എന്ന് അന്നേ ആഗ്രഹമുണ്ടായിരുന്നു. എങ്കിലും ഒരു ജോലി അനിവാര്യമാണെന്ന് വീട്ടില്‍ നിന്നും നിര്‍ബന്ധം വന്നപ്പോള്‍ കമ്പ്യൂട്ടര്‍ സയന്‍സിലാണ് എഞ്ചിനീയറിംഗ് ബിരുദമെടുത്തു. ചെന്നൈയില്‍ ജോലിയും ചെയ്തു. സിനിമയോട് ഇഷ്ടം തോന്നിയപ്പോള്‍ പരസ്യചിത്രങ്ങളും ചില മാസികകളില്‍ ചിത്രങ്ങളുമൊക്കെ ചെയ്തിരുന്നു. അതില്‍ നിന്നാണ് സിനിമയിലേക്കെത്തിയത്. പടി പടിയായിട്ടാണ് സിനിമയിലെത്തിയത്. സൺഡേ ഹോളിഡേ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അനുജത്തി വേഷത്തിലൂടെയാണ് അരങ്ങേറ്റം. ശിക്കാരി ശംഭു,വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഇളയരാജ, മാർക്കോണി മത്തായി, സിഗ്നേച്ചർ തുടങ്ങിയ ചിത്രങ്ങളാണ് പിന്നീട് ചെയ്തത്. ശേഷം ശിക്കാരി ശംഭുവില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ നായിക കഥാപാത്രം കിട്ടിയതോടെ ഞാന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി. രണ്ടു നായികമാരുള്ള സിനിമയാണത്, സിനിമയിലുടനീളമുള്ള വേഷമായിരുന്നു എന്റേത്. ആ സിനിമ വഴിത്തിരിവായിരുന്നു. പ്രേക്ഷകര്‍ എന്നെ കൂടുതലറിഞ്ഞത് അതിലൂടെയാണ്. ഇപ്പോൾ മാളികപ്പുറത്തിന്റെ പ്രമോഷന് പോകുമ്പോഴും ആളുകൾ ചോദിക്കുന്നത് ശിക്കാരി ശംഭുവിലെ രേവതിയല്ലേ എന്നാണ്.
മാളികപ്പുറത്തിലെ സൗമ്യ
ഈ സിനിമ ചെയ്യും മുമ്പ് ഞാന്‍ കോളജ് കുമാരി വേഷങ്ങളാണ് ചെയ്തിരുന്നത്. ഈയടുത്തിടെ ഞാന്‍ കുറച്ചു സാരി ഫോട്ടോഷൂട്ടുകള്‍ ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ ഈ സിനിമയിലെ എല്ലാവരും എനിക്ക് അറിയാവുന്നവരാണ്. അഭിലാഷ് ചേട്ടനാണെങ്കിലും സുഹൃത്താണ് നിര്‍മ്മാതാവ് ആന്റോ ചേട്ടനെയും എനിക്ക് പരിചയമുണ്ട്. എനിക്ക് പറ്റിയ റോൾ ഉണ്ടെങ്കിൽ പറയണേ എന്നവരോട് ഞാന്‍ പറഞ്ഞിരുന്നു. എനിക്ക് പറ്റുന്ന കഥാപാത്രമാണിതെന്ന് തോന്നിയതു കൊണ്ട് അവരെന്നെ വിളിച്ചു. അതിനു ശേഷമാണ് ഇതിലേക്ക് ദേവു എത്തുന്നത്. എന്റെ മുഖത്തിനോട് സാമ്യമുള്ള ഒരു കുട്ടിയെ കിട്ടണേ എന്ന് ഞാന്‍ അന്ന് പ്രാര്‍ത്ഥിച്ചിരുന്നു. എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടതു കൊണ്ടാണ് എന്നോട് നല്ല സാമ്യം തോന്നുന്ന ഒരു കുട്ടിയെത്തന്നെ മകളായി കിട്ടിയത്. ചിരിയില്‍ പോലും ഞങ്ങള്‍ക്ക് സാമ്യമുണ്ടെന്നാണ് എല്ലാവരും പറയുന്നത്.
എനിക്ക് കഥാപാത്രമായി ബ്ലെന്ഡാകാന് രണ്ടു മൂന്നു ദിവസമെടുത്തിരുന്നു. ആ സമയത്ത് മറ്റ് അഭിനേതാക്കളും അഭിലാഷ് ചേട്ടനുമൊക്കെ വലിയ സപ്പോര്‍ട്ടായിരുന്നു. കരയുന്ന സീനൊക്കെ വന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും കഥാപാത്രമായി മാറി.
റിയല്‍ ലൈഫ് ആല്‍ഫി
വെറുതെയിരിക്കാന്‍ ഒട്ടും ഇഷ്ടപ്പെടാത്ത ആളാണ് ഞാന്‍. അതുകൊണ്ടാണ് ജോലിയില്‍ എന്കേജ്ഡായി ഇരിക്കുന്നത്. പിന്നെ ഷോപ്പിംഗിലും ഒട്ടും പിറകിലല്ല. കൈയ്യില്‍ പൈസ വന്നുപെട്ടാല്‍ ആദ്യത്തെ ജോലി ഡ്രസ്സ് വാങ്ങിക്കുകയാണ്. കുക്കിംഗും ഇഷ്ടമാണ്. ഞങ്ങള്‍ അങ്കമാലിക്കാര് പൊതുവേ കുക്കിംഗ് ഇഷ്ടപ്പെടുന്നവരാണ്. പോര്‍ക്ക് കറി, ബീഫ് കറി, മാങ്ങാ കറി ഒക്കെ നന്നായി പാകം ചെയ്യുന്നവരാണ്. അമ്മയും ചേച്ചിയും നന്നായി കുക്ക് ചെയ്യും. ഞാന്‍ അത്ര പോരാ. എങ്കിലും കുഴപ്പമില്ല. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. എങ്കിലും ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് ഒക്കെ പിന്തുടരാറുണ്ട്.
പ്രാര്‍ത്ഥനയും ഒട്ടും കുറവല്ല. വല്ലാര്‍പാടം പള്ളി, കലൂര്‍ പള്ളി ഒക്കെ മിക്കവാറും പോകും. കുട്ടിക്കാലം മുതലുള്ള സിനിമാ ആഗ്രഹമാണ് സഫലമായത്. അഭിനയിക്കാന്‍ അവസരങ്ങള്‍ കിട്ടുന്നതില്‍ ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സിനിമയില്‍ ചില വേഷങ്ങള്‍ കിട്ടാന്‍ പോലും പ്രാര്‍ത്ഥിച്ചിട്ടുണ്ട്. എനിക്ക് ചില സിനിമകള്‍ 90 ശതമാനം വരെ ഒക്കെയായ ശേഷം കൈയില്‍ നിന്ന് പല കാരണങ്ങള്‍ കൊണ്ട് പോയിട്ടുണ്ട്. ഈ സിനിമയ്ക്കു വേണ്ടിത്തന്നെ രണ്ടുമാസം വെയിറ്റ് ചെയ്തിരുന്നു. അതുകൊണ്ട് ‘മാളികപ്പുറം’ സിനിമ പോലും പോകുമോ എന്നൊരു പേടി തോന്നിയിട്ടുണ്ട്. അതുകൊണ്ട് കലൂര്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു. ആദ്യമായിട്ടാണ് ഒരു സിനിമയിറങ്ങും മുമ്പ് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷം കാണാന്‍ പോകുന്നത്.
വരാനിരിക്കുന്ന സിനിമകള്‍
മാളികപ്പുറത്തിനു മുൻപ് നിരഞ്ജൻ മണിയൻപിള്ളയുടെ നായികയായി അഭിനയിച്ച ‘നമുക്ക് കോടതിയിൽ കാണാം’ എന്ന ചിത്രം റിലീസ് ചെയ്യാനുണ്ട്. ‘മാളികപ്പുറ’ത്തിലെ കഥാപാത്രം പോലെ നല്ല സിനിമകളിൽ കാമ്പുള്ള കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ്. കിട്ടുമെന്ന ശുഭപ്രതീക്ഷയും വിശ്വാസവുമുണ്ട്....