
കാലം കടന്നു പോകുന്തോറും പ്രൈമറി സ്കൂളുകളുടെയും അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും എണ്ണം കുറഞ്ഞു വരുകയാണ്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിന്റെ പേരില്‍ നിരവധി സ്കൂളുകളാണ് വര്‍ഷങ്ങളായി അടച്ചുപൂട്ടാന്‍ നിര്ബന്ധിരാകുന്നത്. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്രയിലെ ഒരു പ്രൈമറി സ്കൂള്‍ വ്യത്യസ്തമാകുന്നത. ഒരു വിദ്യാര്‍ത്ഥിക്കുവേണ്ടി മാത്രം തുറന്നു പ്രവര്‍ത്തിക്കുകയാണ് ഈ കൊച്ച് സ്കൂള്‍.
എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ഗംണേഷ്പൂരിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വാഷിം ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമമായ ഇവിടെ ഏകദേശം 150 പേര് മാത്രമാണ് താമസിക്കുന്നത്. ഈ ജില്ലാ പരിസരത്ത് ഒന്നു മുതല്‍ നാലു വരെ പഠിപ്പിക്കുന്ന ഒരു പ്രൈമറി സ്കൂളുണ്ട്. എന്നാല്‍ ആകെ ഒരു വിദ്യാര്‍ത്ഥി മാത്രമാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. കാരണം ഒന്നു മുതല്‍ നാലുവരെ പഠിക്കണ്ട പ്രായത്തില്‍ ഉള്ള ഒരു കുട്ടി മാത്രമേ ഈ ഗ്രാമത്തില്‍ ഉള്ളു. മൂന്നാം ക്ലാസിലാണ് ഇവിടെയുള്ള ഏക വിദ്യാര്‍ത്ഥി കാര്‍ത്തിക് ഷോഗോകര്‍ പഠിക്കുന്നത്.
താന്‍ മാത്രമേ വിദ്യാര്‍ത്ഥിയായി ക്ലാസിലുള്ളു എന്ന ചിന്ത ഒന്നും കാര്‍ത്തിക്കിന്റെ പഠനത്തെ ബാധിച്ചിരുന്നില്ല. ഒറ്റ വിദ്യാര്‍ത്ഥിയെ ഉള്ളുവെങ്കിലും പഠിപ്പിക്കുന്നത് തുടരാന്‍ സ്കൂള്‍ അധികൃതരും തീരുമാനിച്ചു. കാര്‍ത്തിക്കിനെ പഠിപ്പിക്കാന്‍ ഒരു അധ്യാപകന് മാത്രമാണ് ഇവിടെ ഉള്ളത്. കിഷോര്‍ മങ്കര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. ദിവസവും 12 കിലോമീറ്റര്‍ താണ്ടിയാണ് അദ്ദേഹം കാര്‍ത്തിക്കിനെ പഠിപ്പിനായി സ്കൂളില്‍ എത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആകെ ചേര്‍ന്ന വിദ്യാര്‍ത്ഥി കാര്‍ത്തിക്ക് മാത്രമാണെന്നും താനാണിവിടെയുള്ള ഏക അധ്യാപകനെന്നും കിഷോര്‍ പറഞ്ഞു.
മറ്റാരുമില്ലെങ്കിലും ഇരുവരും ചേര്‍ന്ന് രാവിലെ അസംബ്ലിയില്‍ ദേശിയ ഗാനം പാടുകയും ശേഷം കിഷോര്‍ കാര്‍ത്തിക്കിനെ പഠിപ്പിക്കുകയും ചെയ്യുന്നു. സ്കൂളുകള്‍ അടച്ചു പൂട്ടുന്ന ഈ കാലത്ത് ഒരു വിദ്യാര്‍ത്ഥിക്കുവേണ്ടി മാത്രം തുറന്നു പ്രവര്‍ത്തിക്കുന്ന ഈ പ്രൈമറി സ്കൂള്‍ ഏറെ മാതൃകയാകുന്നു.







Comments