
ബോളിവുഡ് താരങ്ങളും ക്രിക്കറ്റര്‍മാരും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് ഒരുപാട് കാലമായി. അത്തരമൊരു താരവിവാഹത്തിന് കഴിഞ്ഞ ദിവസം മുംബൈ നഗരം വീണ്ടും സാക്ഷിയായി. ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും അഭിനേത്രിയുമായ ആതിയ ഷെട്ടിയുമാണ് വിവാഹിതരായത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്.
ആതിയയുടെ പിതാവും ബോളിവുഡ് താരവുമായ സുനിൽ ഷെട്ടിയുടെ ഖണ്ഡാല ബംഗ്ലാവില്‍വച്ച് തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. വിവാഹശേഷമുള്ള ചിത്രങ്ങള്‍ രാഹുല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ‘‘നീയേകിയ പ്രകാശത്തിലാണ് ഞാൻ പ്രണയിക്കാൻ പഠിച്ചത്.
ഇന്ന്, ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരുമായി, ഞങ്ങൾക്ക് വളരെയധികം സന്തോഷവും ശാന്തതയും നൽകിയ വീട്ടിൽ ഞങ്ങൾ വിവാഹിതരായി. നന്ദിയും സ്നേഹവും നിറഞ്ഞ ഹൃദയത്തോടെ, ഈ കൂട്ടായ യാത്രയിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങൾ തേടുന്നു. 🙏🏽...’’ എന്ന് ആതിയാ ഷെട്ടിയെ ടാഗ് ചെയ്ത് രാഹുല്‍ കുറിച്ചു.
നാലു വർഷത്തിലേറെയായി രാഹുല്‍ ബോളിവുഡ് നടിയായ ആതിയയുമായി പ്രണയത്തിലായിരുന്നു. വിവാഹത്തിനു മുന്നോടിയായി രാഹുൽ ഇന്ത്യൻ ടീമിൽനിന്ന് താൽക്കാലികമായി വിട്ടുനിന്നിരുന്നു. പക്ഷേ വിവാഹം നടക്കുന്ന ദിവസമോ, സമയമോ നേരത്തേ പ്രഖ്യാപിച്ചിരുന്നതായി അറിവില്ല. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായി ടീം ക്യാംപിലായതിനാൽ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയുമടക്കമുള്ള പ്രമുഖ താരങ്ങളൊന്നും വിവാഹത്തിനെത്തിയിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.






