ഓന്തിന്റെ സ്വഭാവമുള്ള മനുഷ്യരെ നാം കാണാറുണ്ട്. ശത്രുക്കളെ കാണുമ്പോള്‍ നിറം മാറുന്ന ഓന്തിനെപോലെ സന്ദര്‍ഭത്തിനൊത്ത് സ്വഭാവം മാറ്റുന്നവരെയാണ് ഇങ്ങനെ വിളിക്കാറുള്ളത്. എന്നാല്‍ ഇതേ സ്വഭാവക്കാരായ ചെടികളെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. ബോക്വില ട്രൈഫോളിയ എന്ന വിചിത്ര ചെടിയാണ് ഓന്തിന്റെ സ്വഭാവമുള്ള ചെടി എന്ന ഇരട്ടപേരില്‍ ഏറെ ശ്രദ്ധ നേടുന്നത്. ലോകത്തിലെ ഏറ്റവും അമ്പരിപ്പിക്കുന്ന സ്വഭാവം ഉള്ള ചെടി എന്നാണ് നാഷണല്‍ ജോഗ്രഫിക്ക് മാഗസിന് ഇവയെ വിശേഷിപ്പിക്കുന്നത്.
മരങ്ങളില്‍ പടര്‍ന്നു കയറുന്ന വള്ളിച്ചെടി വിഭാഗത്തില്‍പെട്ട സസ്യങ്ങളാണ് ഇവ. ചെടിയുടെ ഇലകളാണ് അവയില്‍ ഇത്തരം വിചിത്ര സവിശേഷതകള്‍ സൃഷ്ടിക്കുന്നത്. ഇവയുടെ ഇലകള്‍ക്ക് പ്രത്യേകം ആകൃതി ഇല്ലാത്തതിനാല്‍ ഏതു മരത്തിലാണോ വളരുന്നത് ആ മരത്തിന്റെ ഇലകള്‍ക്ക് സാമ്യമായിട്ടാണ് ഇവയും വളരുന്നത്. പ്ലാവില്‍ വളര്‍ന്നാല്‍ ഇവ പ്ലാവിലയുടെ രൂപത്തിലും മാവില്‍ വളര്‍ന്നാല്‍ മാവിലയുടെ രൂപത്തിലും ഇവ വളര്‍ന്നുവരും. ഇതു കൂടാതെ ഇലയുടെ ആകൃതി, നിറം, വലുപ്പം, പാറ്റേണുകള്‍ ഇവയെല്ലാം ഒരുപോലെ സ്വീകരിച്ച് വളരുന്നതാണ് ഈ ചെടിയുടെ പ്രത്യേകത.
ഇലകള്‍ തിന്നു തീര്‍ക്കുന്ന പുഴുക്കളാണ് ഇവയുടെ പ്രധാന ശത്രുക്കള്‍. അതുകൊണ്ട് തന്നെ ഗവേഷകരുടെ കണ്ടെത്തല്‍ അനുസരിച്ച് ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനാണ് ബോക്വില ചെടികള്‍ ഇത്തരത്തില്‍ വേഷപ്പകര്‍ച്ച സ്വീകരിക്കുന്നത്. ഇതേ സ്വഭാവക്കാരായ നിരവധി ചെടികളെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ബോക്വില ചെടികള്‍ക്കു അനുകരിക്കാന്‍ കഴിയുന്നത്ര കൃത്യമായി മറ്റൊരു ചെടിക്കും അനുകരിക്കാന്‍ സാധിക്കില്ലെന്നാണ് നിഗമനം. ഏകദേശം എട്ട് വ്യത്യസ്തയിനം ചെടികളെ അനുകരിക്കാന്‍ ഇവയ്ക്കു കഴിയുമെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.






