
വാനോളമുയരാന്‍ തയാറായി സ്മിതയുടെ ചിത്രങ്ങള്‍. കൊച്ചി മുസ്രിസ് ബിനാലയില്‍ ശ്രദ്ധ നേടിയ ജി.സ്മിതയുടെ വരകള്‍ക്ക് കാന്‍വാസ് ഒരുക്കിയിരിയ്ക്കുകയാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിമാനത്തില്‍ അക്രലിക് പെയിന്റില്‍ 25 അടി നീളമുള്ള സ്മിതയുടെ ചിത്രങ്ങളാണ് ടെയില്‍ ആര്‍ട് ആക്കി മാറ്റിയത്. ദിവസവും ആയിരക്കണക്കിനാളുകള്‍ക്കു കാണാന്‍ സാധിയ്ക്കുന്ന തരത്തിലാണ് സ്മിതയുടെ ചിത്രങ്ങളൊരുക്കിയിരിയ്ക്കുന്നത്.
നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന പ്രകൃതിയെ തന്റെ ചിത്രങ്ങളിലൂടെ സ്വയം സൃഷ്ടിച്ചെടുത്തിരിയ്ക്കുകയാണ് സ്മിത. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, എയര്‍ ഇന്ത്യ സി.ഇ.ഒ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി എന്നിവര്‍ ചേര്‍ന്നാണ് ടെയില്‍ ആര്‍ട് അനാശ്ചാദനം ചെയ്തത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസ് ലിമിറ്റഡിന്റെ ഹാങ്കറിലാണ് അനാശ്ചാദന ചടങ്ങ് നടന്നത്.
ബിനാലെയുടെ ആവേശം രാജ്യാന്തര തലത്തില്‍ എത്തിച്ചതിന്റെ സന്തോഷത്തിലാണ് എയര്‍ ഇന്ത്യ. മനോഹരമായ പ്രകൃതിയെ തന്റെ ചിത്രത്തിലൂടെ വരച്ചു കാട്ടുകയാണ് സ്മിത. ഒരേ സമയം മലകളുടേയും, പച്ചപ്പിന്റേയും വിശാലതയും ചെറു ജീവികളുടെ സൂക്ഷ്മതയുടേയും സംയോജനം കൂടിയാണ് ഈ മെറ്റാഫിസിക്കല്‍ പെയിന്റിംഗ്. കോഴിക്കോട് സ്വദേശിനിയാണ് സ്മിത.






