
ഫുട്ബോള്‍ വെറുമൊരു കളിമാത്രമല്ല അതൊരു വികാരം കൂടിയാണ്. ലോകത്ത് ഏറ്റവും അധികം ആരാധകരുളള ഒരു ഫുട്ബോള്‍ താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. താരത്തിനോട് കടുത്ത ആരാധന കാത്തുസൂക്ഷിക്കുന്ന ആരാധകരില്‍ ഒരാളാണ് മലയാളി മനസ്സിനെ കീഴടക്കിയ യുവനടന് ആന്റണി വര്‍ഗീസ് എന്ന പെപ്പെ. താന്‍ ആരാധിക്കുന്ന റൊണാള്‍ഡോയെ നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം ഇപ്പോഴും പെപ്പെയ്ക്ക് മാറിയിട്ടില്ല . ആവേശം ആര്‍ത്തിരമ്പിയ ആ സുന്ദര നിമിഷം ക്ലബ് എഫ് എം സ്റ്റാര്‍ ജാമിലൂടെ ആന്റണി വിവരിച്ചു.
റൊണാള്‍ഡോയെ ബെഞ്ചിലിരുത്താതെ തുടക്കം മുതല്‍ കളിപ്പിക്കണമായിരുന്നു, അദ്ദേഹം കളിക്കാന്‍ ഇറങ്ങുമ്പോള്‍ എതിര് ടീം സമ്മര്‍ദ്ദത്തിലാകും. ഇത്രയും വലിയ കളിക്കാരന് ഗ്രൗണ്ടിലുളളപ്പോള് എന്തായാലും ഒരു ചെറിയ പേടിയുണ്ടാകുമെന്നത് ഉറപ്പാണ്. ആ പേടി അവര്‍ക്ക് കൊടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ സംഭവിച്ചേനെ. ലോകകപ്പ് റിസള്‍ട്ട് ഇതാകുമായിരുന്നില്ലായെന്നും , വിധിയാണ് . കോച്ചിന്റെ തീരുമാനമാണെന്നും പെപ്പെ പറഞ്ഞു.
‘പോര്‍ച്ചുഗല്‍ - കൊറിയ മത്സരത്തില്‍ വളരെ അടുത്തു നിന്നാണ് റൊണാള്‍ഡോയെ കണ്ടത്. ഞങ്ങളിരുന്നതിന്റെ വളരെ അടുത്തായിട്ടാണ് അദ്ദേഹം ഇരുന്നത്. പോര്‍ച്ചുഗല്‍ താരം സുവാവോ കാന്‍സെലോയെ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. കൈകൊണ്ട് ആംഗ്യം കാണിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോമാഞ്ചം വന്നിട്ട് ആ നിമിഷം വീഡിയോ പോലും എടുക്കാന്‍ പറ്റിയില്ല. എന്നാലും മൊബൈലില്‍ കുറച്ച് വീഡിയോയൊക്കെ എടുത്തിരുന്നു. സന്തോഷം കൊണ്ട് ആ നിമിഷം കണ്ണ് നിറഞ്ഞുവെന്നാണ് ആന്റണിയുടെ വാക്കുകള്‍.
ടിനു പാപ്പച്ചന്റെ സംവിധാനത്തിലൊരുങ്ങുന്ന ചാവേര്‍, നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര് ഡി എക്സ് എന്നിവയാണ് ആന്റണിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍. ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ താരത്തിന്റെ ചിത്രം ''പൂവന് ''മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.






