
ആറ്റിങ്ങല്‍: മക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയെ കത്തികൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. കൊച്ചുപരുത്തി സ്വദേശി സുജയെ വെട്ടിയ സംഭവത്തില്‍ ഇടയ്ക്കോട് കൊച്ചു പരത്തി ആറ്റുവിളാകം വീട്ടില്‍ ജി. ഷിബു(47)ആണ് പിടിയിലായത്. ബന്ധുക്കളായ ഇരുവരുടെയും മക്കള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം രക്ഷിതാക്കള്‍ ഏറ്റെടുത്തതാണ് വലിയ വഴക്കിലും അക്രമത്തിലും കലാശിച്ചത്.
ഇരുവരുടെയും മക്കള്‍ തമ്മില്‍ കഴിഞ്ഞ ദിവസമാണ് വഴക്ക് ഉണ്ടായത്. ഇതറിഞ്ഞെത്തിയ ഷിബു സുജയുടെ വീട്ടില്‍ ചോദിക്കാന്‍ എത്തുകയും തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റം നടക്കുകയും ചെയ്തു. വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ഷിബു വീട്ടില്‍ ചെന്ന് വെട്ട് കത്തി എടുത്തോണ്ട് വരുകയും സുജയെ ആക്രമിക്കുകയും ആയിരുന്നു.
മുഖത്തും കൈക്കും വെട്ടേറ്റ സുജ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ്റിങ്ങല്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍സമദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്സ് ചെയ്തത്.






