കാലിഫോര്‍ണിയ: സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയുമായി വീഡിയോ കമ്മ്യൂണിക്കേഷന്‍ കമ്പനിയായ 'സൂം'. മാന്ദ്യം പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ കമ്പനി 1,300 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ആകെയുള്ള ജീവനക്കാരില്‍ 15% വരുമിത്. വെട്ടിച്ചുരുക്കല്‍ പ്രഖ്യാപിക്കുന്ന ഒടുവിലത്തെ ടെക് കമ്പനിയാണ് സൂം. കമ്പനിയുടെ എല്ലാ മേഖലകളിലും വെട്ടിച്ചുരുക്കല്‍ ബാധിക്കുമെന്ന് സിഇഒ എറിക് എസ്.യുവാന്‍ സും ബ്ലോഗ് ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.
'കമ്പനി കടുത്ത പ്രതിസന്ധിയിലാണെന്നും ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചുവെന്നും ഇത് ഏകദേശം 15% ജീവനക്കാരെ, 1,300 കഠിനാദ്ധ്വാനികളായ പ്രഗത്ഭരായ സഹപ്രവര്‍ത്തകരോട് വിട പറയേണ്ടിവരുമെന്നും' എറിക് യുവാന്‍ പറയുന്നു.
താനുള്‍പ്പെടെ എക്സിക്യൂട്ടീവ് തലത്തിലുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും എറിക് യുവാന്‍ അറിയിച്ചു. പിഴവുകള്‍ക്ക് താന്‍ ഉത്തരവാദിയാണ്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് താന്‍ ഒഴിഞ്ഞുമാറുന്നില്ല. വാക്കിലല്ല, പ്രവൃത്തിയില്‍ തന്നെ അത് കാണിക്കും. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ തന്റെ ശമ്പളം ബോണസും 98% വെട്ടിക്കുറയ്ക്കും. ബോര്‍ഡിലെ മറ്റ് അംഗങ്ങളുടെ ശമ്പളവും 20% വെട്ടിക്കുറയ്ക്കും. ബോണസിലും കുറവ് വരുത്തുമെന്നും എറിക് വ്യക്തമാക്കി.
യു.എസിലുള്ള ജീവനക്കാര്‍ക്ക് അരമണിക്കൂറിനുള്ളില്‍ ഇമെയില്‍ വഴി സന്ദേശമെത്തുമെന്നും അമേരിക്കയ്ക്ക പുറത്തുള്ള ജീവനക്കാര്‍ക്ക് പ്രദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് വിവരം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






