
പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയും അമേരിക്കയുടെ പ്രഥമ വനിതയുമായ ജില് ബൈഡന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരീസിന്റെ ഭര്‍ത്താവ് ഡൗ എംഹോഫിന് നല്കിയ ചുംബനത്തിന്റെ വീഡിയോ വൈറലാകുന്നു. ചൊവ്വാഴ്ച രാത്രി ക്യാപ്പിറ്റല്‍ ഹില്ലില്‍ പ്രസിഡന്റ് ജോ ബൈഡന് അമേരിക്കന്‍ സഭയെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഉന്നതരുടെ ലിപ്ലോക്ക്.
അനേകം സാമാജികര്‍ ചുറ്റും നില്‍ക്കുമ്പോഴായിരുന്നു ഇരുവരും ചുംബനത്തില്‍ ഏര്‍പ്പെട്ടത്. ചുറ്റും നിന്നവര്‍ കയ്യടിക്കുകയും ചെയ്തു. പിന്നാലെ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാകുകയും ചെയ്തു. അനേകം പേര് കമന്റുമായി എത്തുകയും ചെയ്തു. യുഎസ് ഹൗസില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട ശേഷം ആദ്യമായിട്ടായിരുന്നു ബൈഡന് സ്റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധന ചെയ്യുന്നത്.
പ്രതിനിധിസഭ റിപ്പബ്ളിക്കന്മാര് പിടിച്ച ശേഷം ആദ്യമായിട്ടാണ് ബൈഡന് സഭയില്‍ അഭിസംബോധന ചെയ്യാന്‍ എത്തുന്നത്. റിപ്പബ്ളിക്കന്മാരോട് പിന്തുണ അഭ്യര്‍ത്ഥിച്ച ബൈഡന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മുമ്പോട്ട് തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ഭൂമിലെ ഏതൊരു രാജ്യത്തെക്കാളും മികച്ച നിലയിലാണെന്നും പറഞ്ഞു. കോവിഡിന്റെ വ്യാപനത്തിലും പുടിന്റെ ഉക്രയിന് അധിനിവേശത്തിലും നിരാശയും പ്രകടിപ്പിച്ചു.






