
ആലപ്പുഴ ; കതിന പൊട്ടിത്തെറിച്ച് ചേര്‍ത്തലയില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ഉത്സവത്തിനോടനുബന്ധിച്ച് അര്‍ത്തുങ്കല്‍ അറവുകാട് ക്ഷേത്രത്തില്‍ പറയെടുപ്പിനായി തയ്യാറാക്കിയ കതിന പൊട്ടിത്തെറിച്ചായിരുന്നു അപകടം. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു സംഭവം നടന്നത്.
ചേന്നവേലി പുളിക്കല്‍ച്ചിറ വീട്ടില്‍ പ്രകാശന് (52), അര്‍ത്തുങ്കല്‍ ചെത്തികിഴക്കേവെളി വീട്ടില്‍ അശോകന് (46) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ക്ഷേത്രത്തിലെ പറയെടുപ്പിനായി രണ്ട് കതിന കുറ്റികള്‍ നിറയ്ക്കുന്നതിന്റെ ഇടയിലാണ് പൊട്ടിതെറിച്ചത്. നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു.
തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചു. അശോകന് 70 ശതമാനത്തിലധികം പൊള്ളലേറ്റതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അര്‍ത്തുങ്കല്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.






