
കൊച്ചി/തിരുവനന്തപുരം: സംസ്ഥാനത്തു സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റു നിയമലംഘനങ്ങളും തടയുന്നതിനു ക്യാമറകള്‍ സ്ഥാപിക്കും. 28 നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും രണ്ട് വീതം ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കും. ബസില്‍നിന്നു നോക്കുമ്പോള്‍ റോഡിന്റെ മുന്‍വശവും ബസിനകവും കാണാവുന്ന തരത്തില്‍ രണ്ടു ക്യാമറകളാണു സ്ഥാപിക്കേണ്ടത്.
ക്യാമറ വാങ്ങാനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ക്യാമറ സംബന്ധിച്ച മാര്‍ഗനിര്‍ദേശവും അതോറിറ്റി നല്‍കും. കെ.എസ്.ആര്.ടി.സി. ബസുകളിലും ക്യാമറ സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.
വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിെവെസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം ഏര്‍പ്പെടുത്തും. സ്വകാര്യബസുകളുടെ മേല്‍നോട്ടച്ചുമതല മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകമായി നിശ്ചയിച്ചു നല്‍കും. ബസിന്റെ ഫിറ്റ്നെസ് അടക്കമുള്ള പരിശോധനകളുടെ ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥനായിരിക്കും. ബസുകള്‍ നിയമലംഘനം നടത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൂടി ഉത്തരവാദിയാകും. ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ ബസില്‍ പ്രദര്‍ശിപ്പിക്കണം.
സേഫ് കേരള പ്രൊജക്ടിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 826 ആധുനിക ക്യാമറകള്‍ ഉടനെ പ്രവര്‍ത്തനം തുടങ്ങും. െലെന്‍ ട്രാഫിക് കര്‍ശനമാക്കും. ബസുകളുടെ മത്സരയോട്ടത്തിലും നിയമലംഘനങ്ങളിലും അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഗതാഗത വകുപ്പ് മന്ത്രി കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനങ്ങള്‍. മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, റോഡ് സുരക്ഷാ അതോറിറ്റി ഉദ്യോഗസ്ഥരും ബസുടമ - തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
* ബസിന്റെ സമയക്രമം പരിശോധിക്കാന്‍ സംസ്ഥാന തലത്തില്‍ കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തും.
* കൊച്ചി നഗരത്തില്‍ നിയമലംഘനം അറിയിക്കാന്‍ വാട്സാപ്പ് നമ്പറും നിലവില്‍ വന്നു. 6238100100 എന്ന നമ്പറിലാണ് സിറ്റി ട്രാഫിക് പോലീസിനെ പരാതികള്‍ അറിയിക്കേണ്ടത്.
* മത്സരയോട്ടം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ ക്ലസ്റ്റര്‍ രൂപീകരിച്ച് വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച നിര്‍ദേശം ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാന്‍ ബസുടമകളോട് മന്ത്രി ആവശ്യപ്പെട്ടു.
* ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ആറു മാസത്തിലൊരിക്കല്‍ െവെദ്യപരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കും.
* ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ബസുകള്‍ വിദ്യാര്‍ഥി സൗഹൃദപരമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരേ നടപടി ശക്തമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരും. ലഹരി കടത്തുന്നതിന് ഉപയോഗിക്കുന്ന ബസുകള്‍ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.





