
ബോളിവുഡ് താരങ്ങള്‍ക്ക് ക്രിക്കറ്റ് താരങ്ങളോട് പ്രത്യേക ഒരു അടുപ്പം തോന്നുന്നതില്‍ പുതുമയൊന്നുമില്ല. അവരുടെ ബാറ്റിംഗും ബോളിംഗും കണ്ട് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിക്കുന്നവരും കുറവല്ല. ഇപ്പോഴിതാ മോഡലും നടിയുമായ ഉര്‍വ്വശി റൗട്ടേല പാക്കിസ്ഥാൻ യുവ പേസര്‍ നസീം ഷായ്ക്കു പിറന്നാൾ ആശംസകള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. എവിടെയും തന്റേതായ ‘ഫാഷന്‍ സ്റ്റേറ്റ്മെന്റ്’ സമ്മാനിക്കുന്ന ബോളിവുഡ് നടിയും മോഡലുമാണ് ഉർവശി റൗട്ടേല. വെറുതെ ഒരു ആശംസയല്ല ഉര്‍വ്വശി കുറിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ സഹതാരം ശതബ് ഖാന് വിവാഹ ആശംസകൾ അറിയിച്ച് നസീം ഷാ പോസ്റ്റ് ചെയ്ത ചിത്രത്തിന് കമന്റായിട്ടാണ് ഉര്‍വ്വശി തന്റെ ആശംസകള്‍ അറിയിച്ചത്. ഉര്‍വ്വശിയുടെ ആശംസയ്ക്ക് നന്ദി പറയാനും നസീം ഷാ മറന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു നസീം ഷായുടെ 20-ാം പിറന്നാള്‍. ഉർവശിയുടെ ആശംസാ കുറിപ്പിന് താഴെ ആരാധകരും പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം കാണാൻ ഉർവശി റൗട്ടേല സ്റ്റേഡിയത്തിലെത്തിയിരുന്നു. തുടർന്ന് തന്റെയും നസീം ഷായുടേയും ടിവി ദൃശ്യങ്ങൾ ഉർവശി തന്നെ ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു.
പേസർ ഷഹീൻ അഫ്രീദിക്കൊപ്പം പാക്കിസ്ഥാൻ ബോളിങ്ങിന്റെ കരുത്തുറ്റ യുവതാരമാണ് നസീം ഷാ. പാക്കിസ്ഥാന് സൂപ്പര്‍ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരം കൂടിയാണ് നസീം. 2015ൽ മിസ് യൂണിവേഴ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട മോഡലും നടിയുമാണ് ഉര്‍വ്വശി. ഏഷ്യാ കപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം കാണാൻ എത്തിയ ഉർവശിയുടെയും കളിക്കളത്തിലുണ്ടായിരുന്ന നസീം ഷായുടെയും രംഗങ്ങള്‍ ചേർത്തൊരുക്കിയ വിഡിയോ മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രണയാർദ്രമായ പശ്ചാത്തല സംഗീതം നൽകി, നസീമിന്റെ മത്സരം കാണാനെത്തിയ പ്രണയിനി എന്ന തോന്നൽ സൃഷ്ടിക്കുന്ന ആ വിഡിയോ ഉർവശി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്.






