
രാജസ്ഥാനിലെ ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പാണ് ബാറ്ററി ഇലക്ട്രിക്. ഈ വര്‍ഷം ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യയില്‍ ഒരു ഇലക്ട്രിക് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബാറ്ററി ഇലക്ട്രിക്. ബാറ്ററി ഇലക്ട്രിക് പുറത്തിറക്കാന്‍ പോകുന്ന ഡ്യൂണ്‍ E മോട്ടോര്‍സൈക്കിളിന്റെ വില ഏകദേശം 1 ലക്ഷം രൂപ മുതല്‍ 1.10 ലക്ഷം രൂപ വരെ ആയിരിക്കുമെന്ന് ഇവി സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍ നിശ്ചല്‍ ചൗധരി വെളിപ്പെടുത്തി.
രാജ്യത്ത് മറ്റൊരു ഇലക്ട്രിക് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമല്ലാത്തതിനാല്‍ വരാനിരിക്കുന്ന ബാറ്ററി ഡ്യൂണ്‍ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിക്ക് വളരെ സ്പെഷ്യല്‍ മോഡലായിരിക്കുമെന്ന് നിശ്ചല്‍ ചൗധരി ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞു. ബാറ്ററി ഡ്യൂണ്‍ മോട്ടോര്‍സൈക്കിള്‍ ഇക്കോ മോഡില്‍ ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം സ്പോര്‍ട്സ് മോഡില്‍ 100 കിലോമീറ്റര്‍ വരെയാകും ഓടാന്‍ സാധിക്കുക. ഇക്കോ, കംഫര്‍ട്ട്, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളുമായാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എത്താന്‍ പോകുന്നത്. മോട്ടോര്‍സൈക്കിളിന്റെ ഡിസൈനിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
ഇവി സ്റ്റാര്‍ട്ടപ്പിന്റെ വിപണിയില്‍ ഇറക്കാന്‍ പോകുന്ന ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായിരിക്കും ഡ്യൂണ്‍. നിലവില്‍ ബാറ്ററി മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകള് ആണ് വിപണിയില്‍ എത്തിക്കുന്നത്. രണ്ട് ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകളും ഒരു ഹൈസ്പീഡ് ഇലക്ട്രിക് സ്കൂട്ടറുമാണവ. വണ്‍, ലോ ഇവി എന്നിവയാണ് ബാറ്ററി ഇലക്ട്രിക്കിന്റെ ലോ സ്പീഡ് ഇ-സ്കൂട്ടറുകള്. സ്റ്റോറിയാണ് ബാറ്ററിയുടെ പോര്‍ട്ഫോളിയോയിലുള്ള ഏക ഹൈസ്പീഡ് ഇലക്ട്രിക് സ്കൂട്ടര്‍. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബാറ്ററി സ്റ്റോറി ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ എത്തിച്ചത്. 89,600 രൂപക്കാണ് (എക്സ്ഷോറൂം വില) ബാറ്ററി സ്റ്റോ ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കിയത്. കേന്ദ്ര സര്‍ക്കാറിന്റെ ഫെയിം II സബ്സിഡിക്ക് സ്റ്റോറി ഇലക്ട്രിക് സ്കൂട്ടര്‍ യോഗ്യമാണെന്ന് കമ്പനി ലോഞ്ച് വേളയില്‍ വ്യക്തമാക്കിയിരുന്നു. ഫീച്ചര്‍ സമ്പന്നമായ ഒരു മോഡേണ്‍ ഇലക്ട്രിക് സ്കൂട്ടറാണ് സ്റ്റോറിയെന്നാണ് കമ്പനി അവകാശപ്പെട്ടത്.
ഇതിന് മെറ്റല്‍ പാനലുകള്‍ ലഭിക്കുന്നു. ലൂക്കാസ് ടിവിഎസ് മോട്ടോറും കണ്ട്രോളറും ഉപയോഗിച്ചാണ് സ്റ്റോറി പ്രവര്‍ത്തിക്കുന്നത്. AIS 156 അംഗീകരിച്ച 3.1kWh ബാറ്ററി പാക്കിലാണ് ഇത് പായ്ക്ക് ചെയ്യുന്നത്. ഒറ്റ ചാര്‍ജില്‍ (ICAT സര്‍ട്ടിഫൈഡ്) 132 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇലക്ട്രിക് സ്കൂട്ടറിന് സാധിക്കുമെന്നും കമ്പനി പറയുന്നു. ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനൊപ്പം തന്നെ ബാറ്ററി ഒരു ഡെലിവറി സ്കൂട്ടറും അണിയറയില്‍ ഒരുക്കുന്നുണ്ട്.






