
മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് കൈലാസ് മേനോന്. കൈലാസും കുടുംബവും സോഷ്യല്‍ മീഡിയ ആരാധകരുടെ പ്രിയ താരങ്ങളാണ്. കൈലാസ് മേനോന്റെ മകൻ സമന്യു രുദ്രയും സമൂഹമാധ്യമത്തിൽ ഒരു കുട്ടിത്താരമാണ്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും രുദ്രപ്പൻ എന്നു വിളിപ്പേരുള്ള ഈ കുരുന്നിന്റെ വിഡിയോ വൈറലാകാറുണ്ട്. ഇപ്പോഴിതാ ദീപികാ പദുക്കോണിന്റെ പാട്ട് വേണമെന്ന ആവശ്യവുമായാണ് രുദ്രപ്പൻ എത്തിയിരിക്കുന്നത്. ‘പഠാൻ’ എന്ന സിനിമയിലെ ദീപികയുടെ പാട്ടാണ് രുദ്രപ്പന് വേണ്ടത്. പക്ഷേ ദീപികാ പദുക്കോണ്‍ എന്ന പേര് കുട്ടി രുദ്രപ്പന് വഴങ്ങുന്നേയില്ല. അത് പറഞ്ഞു വന്നപ്പോള്‍ ‘ദീപിടികാ പടുകാടുകോൺ’ എന്നായി. ഈ കുരുന്ന് പാട്ട് അമ്മയ്ക്ക് പാടിക്കൊടുക്കുകയാണ് . ‘ദീപിടികാ പടുകാടുകോൺ 😁...’’ എന്ന ക്യാപ്ഷനും നല്കി കൈലാസ് തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് താഴെ ‘രുദ്രപ്പൻ വലിയൊരു പാട്ടുകാരൻ ആവട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ’ എന്നൊക്കെയുള്ള കമന്റുകള്‍ ഈ കുരുന്നിന്റെ വീഡിയോയ്ക്ക് നിറയുന്നുണ്ട്.
അവതാരകയും അഡ്വക്കേറ്റുമായ അന്നപൂര്‍ണ ലേഖ പിള്ളയെ 2015ലാണ് കൈലാസ് വിവാഹം ചെയ്യുന്നത്. രുദ്രപ്പന് എന്ന സമന്യു രുദ്ര ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്നത് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്. രുദ്രപ്പനെ ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള അന്ന പൂര്‍ണ്ണയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.






