
ന്യുഡല്‍ഹി: ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തെഹദുള്‍ മുസ്ലീമീന് (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ഡല്‍ഹിയിലെ വസതിക്കു നേരെ കല്ലേറ്. ഞായറാഴ്ച വൈകിട്ടാണ് അജ്ഞാതര്‍ ആക്രമണം നടത്തിയത്. കല്ലേറില്‍ വീടിന്റെ ജനാല ചില്ലുകള്‍ തകര്‍ന്നു. ആക്രമണം നടക്കുമ്പോള്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തില്‍ അദ്ദേഹം പോലീസില്‍ പരാതി നല്കി.
ഡല്‍ഹി അശോക് റോഡിലെ വസതിക്കു നേരെ വൈകിട്ട് 5.30 ഓടെയാണ് ആക്രമണമുണ്ടായത്. ഡല്‍ഹി അഡീഷണല്‍ ഡിസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ഒവൈസിയുടെ വീടിനു നേര്‍ക്കുണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്. അതീവ സുരക്ഷയുള്ള മേഖലയിലാണ് തുടര്‍ച്ചയായി ആക്രമണം നടക്കുന്നത്. അക്രമികള്‍ക്കെതിരെ ഉടനടി നടപടി വേണമെന്നും കുറ്റവാളികള്‍ എത്രയും വേഗം അറസ്റ്റിലാകണമെന്നും ഒവൈസി ആവശ്യപ്പെട്ടു.






