
സ്വപ്നങ്ങള്‍ പൂവണിയുന്നത് ഏവര്‍ക്കും സന്തോഷകരമായ നിമിഷമാണ്. അത്തരത്തിലൊരു സന്തോഷ നിമിഷം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് ഷിജിലി. വീല്‍ ചെയറിന്റെ സഹായത്തോടെ ജീവിക്കുന്ന ഷിജിലി കോഴിക്കോട് മാങ്കാവ് ജംഗ്ഷനില്‍ ലോട്ടറി കച്ചവടം നടത്തുന്നു. ജീവിത്തില്‍ തനിക്ക് ലഭിച്ച അവിസ്മരണിയ മുഹൂര്‍ത്തം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ഷിജിലി. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ലാലേട്ടന് ഷിജിലിയെ കാണുന്നതിനായി എത്തിയിരിക്കുന്നു. കൂടാതെ ഷിജിലിയുടെ ഒപ്പം നിന്ന് ഫോട്ടോയുമെടുത്തു. അതില്‍ സന്തോഷവതിയായ ഷിജിലി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്.
'സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളില്‍ വര്‍ണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ എന്റെ ലാലേട്ടനൊപ്പം ഞാന്‍ ചിലവഴിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി.
കണ്ണുനിറയെ കണ്ടു ഞാന്‍ എന്റെ ലാലേട്ടനെ; ചേര്‍ത്ത് പിടിച്ചു എന്നെ ഏട്ടന്റെ കൈകള്‍. കുറേ വിശേഷങ്ങള്‍ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു. ഇനിയുള്ള കാലമത്രയും ഓര്‍ക്കാന്‍ എനിക്ക് ഈ നിമിഷങ്ങള്‍ മതി; എന്റെ ഏട്ടനെ ചേര്‍ന്ന് നിന്ന ഈ നിമിഷങ്ങള്‍ മാത്രം
നന്ദി പറയാനുള്ളത് സര്‍വ്വേശ്വരനോടാണ്. പിന്നെ കോഴിക്കോട്ടെ ലാലേട്ടന് ഫാന്‍സിലെ എന്റെ പ്രിയപ്പെട്ട ഏട്ടന്മാരോടും. എന്റെ പ്രിയ സുഹൃത്ത് പ്രജിത്ത്, ടിന്റു ഏട്ടന്, സുഗീതേട്ടന്, സുഹാസേട്ടന്‍, രാജന് ചേട്ടന് എല്ലാവര്ക്കും നൂറ് നൂറ് നന്ദി.






