വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. നിയമവിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ കത്തിവച്ച് ഭിഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഷാജഹാനാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയും യുവാവും തമ്മില്‍ സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു. എന്നാല്‍ യുവാവിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞ പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വീണ്ടും വിവാഹാലോചനയുമായി യുവാവ് പെണ്‍കുട്ടിയെ സമീപിച്ചിരുന്നെങ്കിലും അഭ്യാര്‍ത്ഥന പെണ്‍കുട്ടി നിഷേധിച്ചതോടെ പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.
ഇരുവരും തോപ്പുംപടിയിലെ ഒരു വിവാഹ ചടങ്ങില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. യുവാവ് വീണ്ടും ഇവിടെവച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടി അഭ്യര്‍ത്ഥന നിഷേധിച്ചിരുന്നു. തുടര്‍ന്ന് തോപ്പുംപടിയിലെത്തി യുവാവ് ഭിഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പൊലീസ് തൃപ്പൂണിത്തുറയില്‍വച്ച് പിടികൂടുകയുമായിരുന്നു.






