
ഉപഭോക്താക്കളെ കൈയിലെടുക്കുക എന്ന ലക്ഷ്യത്തോടെ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഏതാണ്ട് 2 ലക്ഷം രൂപയോളം മൂല്യമുള്ള ഓഫറുകളാണ് ഫെബ്രുവരി മാസത്തേക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്. ഹാച്ച്ബാക്കായ C3 മോഡലിന് 50,000 രൂപയുടെ ഉറപ്പുള്ള ആനുകൂല്യങ്ങളും C5 എയര്‍ക്രോസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമാണ് ഈ മാസത്തേക്കായി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ 2022 മോഡലുകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാവുക. ഓഫറുകള്‍ 2023 ഫെബ്രുവരി 28 വരെ സാധുതയുള്ളതാണെന്നും സിട്രണ്‍ പറയുന്നു.
ഇതുവരെ വിറ്റഴിക്കാത്ത 2022 മോഡല്‍ ഇയര്‍ സ്റ്റോക്കുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിനു മുന്നോടിയായി വിറ്റഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ കിടിലന്‍ ഡിസ്കൗണ്ട് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ വില്‍പ്പനയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പുറമെയുണ്ട്. 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമാണ് വാഹനത്തിന് തുടിപ്പേകുന്നത്. ആദ്യത്തെ NA പെട്രോള്‍ യൂണിറ്റ് 81 bhp കരുത്തില്‍ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കുമ്പോള്‍ C3 ഹാച്ച്ബാക്കിലെ ടര്‍ബോ എഞ്ചിന് 109 bhp പവറില്‍ 190 Nm torque വരെ നല്‍കാനും ശേഷിയുള്ളതാണ്. ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍ എന്നിവ മാത്രമാണ് ലഭിക്കുന്നത്.
C5 എയര്‍ക്രോസിന് 2 ലക്ഷം രൂപയോളം ഓഫറാണ് നല്‍കുന്നത്. 174 bhp പവറില്‍ 400 Nm torque നല്കുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് വരുന്നത്. ഇതില്‍ മാനുവല്‍ ഗിയര്‍ബോക്സാണ് കമ്പനി നല്‍കുന്നില്ല. അടുത്തിടെ സിട്രണ്‍ തങ്ങളുടെ ഇലക്ട്രിക് ഹാച്ച്ബാക്കായ eC3 ഇവിയുടെ ബുക്കിംഗും ആരംഭിച്ചിരുന്നു. 56 bhp പവറില്‍ 143 Nm torque സൃഷ്ടിക്കാന്‍ മോട്ടോറിനെ സഹായിക്കുന്ന 29.2 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഇതിന് ലഭിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്ത ബാറ്ററിയില്‍ 320 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചാണ് ബ്രാന്‍ഡ് അവകാശപ്പെടുന്നത്. eC3 യുടെ ഡെലിവറികള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കും.






