
പുതിയ സിനിമയിലേക്ക് പെണ്‍കുട്ടികളെ ക്ഷണിച്ചുകൊണ്ടാണ് നിര്‍മാതാവ് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരില്‍ വ്യാജ കാസ്റ്റിംഗ് കോള്‍ എത്തിയത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ലോഗോ അടക്കമാണ് ഇത് പ്രചരിക്കുന്നത്. എന്നാല്‍, ഈ കാസ്റ്റിംഗ് കോള്‍ വ്യാജമാണെന്ന് ഫ്രൈഡേ ഫിലിം ഹൗസ് തന്നെ അറിയിച്ചു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു എന്നും ഫ്രൈഡേ ഫിലിം ഹൗസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
'ഫേക്ക് അലര്‍ട്ട് : ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു എന്ന വ്യാജേന സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ പോസ്റ്റര്‍ ഫേക്കാണ്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു. വഞ്ചിക്കപ്പെടാതിരിക്കുക.'- ഫ്രൈഡേ ഫിലിം ഹൗസിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സാരി ഉടുക്കാനറിയുന്ന, ഡാന്‍സ് കളിക്കാന്‍ അറിയുന്ന 15നും 35നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ബന്ധപ്പെടുക എന്നതാണ് വ്യാജ കാസ്റ്റിംഗ് കോള്‍ പോസ്റ്ററിലുള്ളത്.






