ആന്ധ്രാപ്രദേശ് : നടന് ജൂനിയർ എൻടിആറിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ക്ഷണിച്ച് തെലുങ്ക് ദേശം പാർട്ടി (ടിഡിപി) ജനറൽ സെക്രട്ടറി നാരാ ലോകേഷ്. ലോകേഷും ജൂനിയർ എൻടിആറും 1982ൽ ടിഡിപി സ്ഥാപിച്ച ഇതിഹാസ നടനും രാഷ്ട്രീയക്കാരനുമായ എൻ ടി രാമറാവുവിന്റെ കൊച്ചുമക്കളാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ലോകേഷിന്റെ പ്രസ്താവന.
ജൂനിയർ എൻടിആർ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹൈദരാബാദിൽ വച്ച് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കണ്ടിരുന്നു. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ ബിജെപി സ്ഥാനാർത്ഥിയായി എത്തിയേക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ അഭ്യൂഹങ്ങൾക്ക് തുടക്കമായി.
ജൂനിയർ എൻടിആർ 2009ൽ ടിഡിപിക്ക് വേണ്ടി ഇലക്ഷൻ പ്രചാരണം നടത്തിയിരുന്നു. നാരാ ലോകേഷിന്റെ ക്ഷണം സ്വീകരിച്ച് എൻടിആർ പാർട്ടിയിലേക്ക് വരുമോ എന്ന സംശയത്തിലാണ് അദ്ദേഹത്തിന്റെ ആരാധകർ. അതേസമയം, 'ജനതാ ഗാരേജി'ന് ശേഷം എൻടിആർ ജൂനിയറും കൊരട്ടാല ശിവയും ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരുന്നു. യുവസുധ ആർട്സ് മിക്കിലിനെനി സുധാകറും എൻടിആർ ആർട്സിന്റെ ബാനറിൽ കൊസരജു ഹരികൃഷ്ണയുമാണ് നിർമ്മാണം. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം രത്നവേലു, പ്രൊഡക്ഷൻ ഡിസൈനറായി സാബു സിറിൾ, എഡിറ്ററായി ശ്രീകർ പ്രസാദ്, തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖർ ചിത്രത്തിന്റെ ഭാഗമാണ്.






