
മദ്യം കഴിക്കാതെ തന്നെ ഒരാള്‍ക്ക് മദ്യപിച്ചതിന് സമാനമായ അവസ്ഥയുണ്ടാക്കുന്ന രോഗമാണ് 'ഓട്ടോ
ബ്രൂവറി സിന്‍ഡ്രോം. ഇത്തരക്കാരുടെ രക്തത്തില്‍ ഉയര്‍ന്ന തോതിലുള്ള മദ്യത്തിന്റെ സാന്നിധ്യം അനുഭവപ്പെടും. ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ തന്നെ ഇവരുടെ ശരീരം എഥനോളാക്കി മാറ്റുന്നു. ഈ പ്രക്രിയ നടക്കുന്നത് വയറിലോ കുടലിലോ വച്ചാണ്. കുടലിലെ ഈസ്റ്റിന്റെ സാന്നിധ്യം അമിതമാകുന്നതാണ് ഓട്ടോ ബ്രൂവറി സിന്‍ഡ്രോമിലേക്ക് നയിക്കുന്നത്. ടോറുലോപ്സിസ് ഗ്ലബ്രാറ്റ, കാന്ഡിഡ ഗ്ലബ്രാറ്റ, കാന്ഡിഡ ആല്‍ബിക്കന്‍സ് പോലുള്ള യീസ്റ്റുകള്‍ ഈ അവസ്ഥയുണ്ടാക്കുന്നവയാണ്.
മദ്യപിക്കാതെ തന്നെ ഫിറ്റാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. ചെറിയ അളവില്‍ മദ്യപിച്ചാല്‍ തന്നെ ഇത്തരം ആളുകളുടെ ശരീരത്തെ ഇത് പെട്ടെന്ന് ബാധിക്കും. ചര്‍മം ചുവക്കുന്നത്, തലകറക്കം, നിര്‍ജലീകരണം, തലവേദന, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, മനംമറിച്ചില്‍, ഛര്‍ദി, വരണ്ട വായ, ക്ഷീണം, ഓര്മ തകരാര്‍, മൂഡ് മാറ്റങ്ങള്‍ എന്നിവയെല്ലാം ഓട്ടോ ബ്രൂവറി സിന്‍ഡ്രോമിന്റെ മറ്റ് ലക്ഷണങ്ങാണ്.
ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ഉണ്ടാകാന്‍ സാധ്യത കൂടുതലുമുളളത് വയറിലെ പേശികള്‍ക്ക് തകരാര്‍ സംഭവിച്ചവര്‍, കുടലിന് പ്രശ്നമുള്ളവര്‍, പ്രമേഹരോഗികള്‍, ഫാറ്റി ലിവര്‍ രോഗികള്‍ ക്രോണ്‍സ് രോഗികള്‍ എന്നിവര്‍ക്കാണ്. പോഷണത്തിന്റെ കുറവ് , ആന്റിബയോട്ടിക്സിന്റെ അമിത ഉപയോഗം, പ്രമേഹം, കുറഞ്ഞ പ്രതിരോധ ശേഷി എന്നിവയും അമിതമായ യീസ്റ്റ് ഉത്പാദനം ശരീരത്തിലുണ്ടാകാന്‍ കാരണമാകും.
ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ചികിത്സിക്കുന്നത് ആന്റിഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ചാണ്. പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുന്നതും, ആന്റിബയോട്ടിട്ടിക്സ് ഉപയോഗം നിര്‍ത്തുന്നതും ഈ അസുഖത്തെ ചെറുക്കാന്‍ സഹായിക്കും.






