
കുഞ്ചക്കോ ബോബനും പ്രിയയും മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള സ്വീറ്റ് കപ്പിള്‍സാണ്. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കുടുംബനായകന് ചാക്കോച്ചന്. ‘അനിയത്തിപ്രാവി’ലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ നടന്, ഏറെനാൾ ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോയായിരുന്നു. ആയിരക്കണക്കിന് ആരാധികമാരുടെ ഹൃദയം കവർന്ന ആ ചോക്ലേറ്റ് ഹീറോയുടെ ഹൃദയം കവർന്നതാകട്ടെ പ്രിയ സാമുവൽ ആൻ എന്ന പെൺകുട്ടിയാണ്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. ഇപ്പോഴിതാ, പ്രണയത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുകയാണ് ചാക്കോച്ചനും പ്രിയയും. താജ്മഹലിനു മുന്നിൽ നിന്ന് പ്രിയയെ ചേര്‍ത്തുപിടിക്കുന്ന ചാക്കോച്ചനെ പ്രിയ ഉമ്മവയ്ക്കുന്ന ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്. “🤩25 വർഷത്തെ പ്രണയം❤️….. സ്നേഹത്തിന്റെ പ്രതീകമായ ഈ സ്മാരകത്തിന്റെ പശ്ചാത്തലത്തിൽ അത് ആഘോഷിക്കുന്നു,💕” എന്നാണ് ചാക്കോച്ചൻ കുറിച്ചത്.
കഴിഞ്ഞ വിവാഹവാര്‍ഷികത്തില്‍ ദീര്‍ഘമായൊരു കുറിപ്പും പ്രിയയ്ക്കൊപ്പമുള്ള ഒരു വീഡിയോയും ഷെയര്‍ ചെയ്തിരുന്നു.‘‘ഇന്ന് ഞാൻ സിനിമകളിൽ നന്നായി അഭിനയിക്കുന്നുവെങ്കിൽ അതിന്റെ ക്രെഡിറ്റ് നിനക്കാണ്. സ്വയം വിശ്വസിക്കാൻ പ്രേരിപ്പിച്ചതിന്റെയും എല്ലാറ്റിനെയും വ്യത്യസ്തമായ വീക്ഷണകോണിൽ കാണാനും മികച്ചതിന് വേണ്ടി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചത് നീയാണ്. “ഓ പ്രിയേ “…….. എന്ന് എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ അവസരം നൽകിയത് ദൈവത്തിന് പറ്റിയ തെറ്റല്ല. കാരണം എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്!!” എന്നാണ് കഴിഞ്ഞ വിവാഹവാർഷികത്തിൽ ചാക്കോച്ചൻ കുറിച്ചത്.
ആഗ്ര യാത്രയിൽ ചാക്കോച്ചനൊപ്പം അമ്മയും സഹോദരിയും സുഹൃത്തുക്കളായ മഞ്ജു വാര്യരും രമേഷ് പിഷാരടിയുമെല്ലാം കൂടെയുണ്ട്. കഴിഞ്ഞ ദിവസം അമ്മയുടെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും ചാക്കോച്ചൻ ഷെയർ ചെയ്തിരുന്നു. ചാക്കോച്ചനും രമേഷ് പിഷാരടിയ്ക്കുമൊപ്പം ആഗ്രയിൽ നിന്നുള്ള ചിത്രങ്ങൾ മഞ്ജു വാര്യരും ഷെയർ ചെയ്തിരുന്നു.






