
കൊല്ലം: ഭക്ഷണം ഉണ്ടാക്കി നല്‍കാത്തതിനെ തുടര്‍ന്ന് വൃദ്ധ മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം. കൊല്ലം തേവന്നൂര്‍ സ്വദേശിനിയായ ദേവകി(68)യെയാണ് മകന് മനോജ് ക്രൂരമായി മര്‍ദ്ദിച്ചത്. മനോജ് മാതാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പ്രചരിച്ചു കഴിഞ്ഞു. സംഭവത്തെത്തുടര്‍ന്ന് മനോജിനെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അമ്മ ആഹാരം പാകം ചെയ്ത് നല്‍കിയില്ലെന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. മദ്യപിച്ച് വീട്ടിലെത്തിയ മനോജ് മാതാവിനെ അസഭ്യം പറയുകയും പിന്നാലെ വടികൊണ്ട് അടിച്ച് നിലത്തിടുകയും ആയിരുന്നു. നിലത്ത് വീണുകിടന്ന ദേവകിയെ ഇയാള്‍ നിരന്തരം ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തു.
സ്ഥിരമായി മദ്യപിച്ച് എത്തുന്ന ഇയാള്‍ അമ്മയെ നിരന്തരം അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുമെന്നാണ് നാട്ടുകാര്‍ വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദേവകിയുടെ വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രാത്രി ആക്രമണം രൂക്ഷമായതോടെ നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. കസ്റ്റഡിയിലുള്ള മനോജ് മുന്‍പ് പോക്സോ കേസില്‍ പ്രതിയായിരുന്നു.






