ചാലക്കുടി : മലയാളിയുടെ പ്രിയപ്പെട്ട നടന് കലാഭവന്‍ മണിയുടെ വേര്പാടിന് ഏഴാണ്ട്. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ കലാഭവന്‍ മണി.കേരളക്കരയില്‍ ഇപ്പോള്‍ ഉത്സവങ്ങളുടെ കാലമാണ്. ഓരോ അമ്പലപ്പറമ്പിലും വേദികളിലും കലാഭവന്‍ മണിയുടെ മനസ്സ് തൊട്ടറിഞ്ഞ ഗാനങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കുന്നു.
നാടന്‍പാട്ടിനെ ജനപ്രിയമാക്കിയ മറ്റൊരു കലാകാരന് ഉണ്ടാകില്ല. മലയാളി വിസ്മൃതിയിലാണ്ടുപോയ നാടന്‍പാട്ടുകള്‍ പലതും മണിയുടെ ശബ്ദത്തില്‍ പുതുതലമുറകേട്ടു, ആസ്വദിച്ചു, ഏറ്റുപാടി.രാമന് - അമ്മിണി ദമ്പതികളുടെ ഏഴു മക്കളില്‍ ആറാമനായി ജനിച്ച മണി ഇല്ലായ്മകളുടെ ദുരിതം കണ്ടുവളര്‍ന്ന ബാല്യം.ഓട്ടോ ഡ്രൈവറായാണ് ജീവിതത്തിലും സിനിമയിലും അരങ്ങേറിയത്. ഓണക്കാലത്ത് മണിയുടെ പുതിയ പാട്ടു കാസറ്റിനായി മലയാളി കാത്തുനിന്നിരുന്നു. എവിടെപ്പോയാലും വേഗം വേഗം ചാലക്കുടിയിലേക്ക് ഓടിയെത്തി. കെആആര്‍ 756 ബുള്ളറ്റില്‍ ചുറ്റാനിറങ്ങി. ചേനത്തു നാട്ടിലെ ഉത്സവവും പെരുനാളും മണിയില്ലാതെ പൂര്‍ണമാവുമായിരുന്നില്ല.
കൊച്ചിന് കലാഭവന്റെ മിമിക്സ് പരേഡിലൂടെ സിനിമയിലെത്തി. സിബി മലയിലിന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തെത്തിയ 'അക്ഷരം' എന്ന ചിത്രത്തിലൂടെയാണ് മണി വെള്ളിത്തിരയില്‍ എത്തുന്നത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു കഥാപാത്രം. ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത 'സല്ലാപം' മണിക്ക് കരിയര്‍ ബ്രേക്ക് നല്കി. 'രാജപ്പന്' എന്ന ചെത്തുകാരനായിട്ട് ആയിരുന്നു മണിഎത്തിയത്.
ഹാസ്യതാരമായി തുടങ്ങിയ മണി മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തകര്‍ത്തഭിനയിച്ചു. കരുമാടിക്കുട്ടന്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളിലൂടെ ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് മണി തെളിയിച്ചു. തമിഴ്, തെലുങ്ക്, കന്നടഭാഷകളിലും മണിയുടെ അസാമാന്യപ്രകടനം പ്രേക്ഷകര്‍ കണ്ടു. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവായിരുന്നു.
കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം പിന്നീടുമ്പോഴും. ചാലക്കുടിയിലെ മണിയുടെ വീട് തേടിലുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയില്‍ നിറഞ്ഞു നില്ക്കുന്നു.






