
വാടക നല്‍കാനുള്ള ബുദ്ധിമുട്ട് കാരണം നീണ്ട 16 വര്‍ഷം ഗുഹയില്‍ കഴിഞ്ഞ ഡാനിയല്‍ ഷെല്ലബാര്‍ഗര്‍ എന്നയാളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശ്വസിക്കാന്‍ പ്രയാസമാണ് എങ്കിലും ഇദ്ദേഹം ഇങ്ങനെ ഒരാളാണ്. നേരത്തെ അദ്ദേഹം കഴിഞ്ഞിരുന്നത് വാടകവീടുകളില്‍ ആണ്. എന്നാല്‍, വീട്ടുവാടക കൊടുത്ത് മടുത്തപ്പോള്‍ അദ്ദേഹം താമസം ഗുഹയിലേക്ക് മാറുകയായിരുന്നു.
ഗുഹയില്‍ 16 വര്‍ഷങ്ങള്‍ താമസിച്ചു എന്ന് മാത്രമല്ല. ദീര്‍ഘകാലമായി ഒറ്റ കറന്‍സിയും അദ്ദേഹം ഉപയോഗിക്കാറില്ല. വലിയ തുക വാടക കൊടുക്കാനില്ലാത്തവര്‍ മിക്കവാറും ചെയ്യാറുളളത് വാടക കുറഞ്ഞ ചെറിയ ഒരു വീട്ടിലേക്ക് താമസം മാറുകായെന്നതാണ്. എന്നാല്‍, ഡാനിയല്‍ ഇതിനു പകരം ഗുഹയിലേക്ക് തന്റെ താമസം മാറുകയാണ് ചെയ്തത്. യൂട്ടയിലെ മോവാബിലുള്ള ഗുഹയിലേക്കാണ് ഡാനിയല്‍ താമസം മാറിയത്.
ഒരു പുരാതന മനുഷ്യനെ പോലെയാണ് ഡാനിയല്‍ ആ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നത്. റോഡരികില്‍ നിന്നും മറ്റും കിട്ടുന്ന പഴങ്ങളും പച്ചക്കറികളുമായിരുന്നു ഇദ്ദേഹത്തിന്റെ ആഹാരം. എന്നാല്‍, പ്രായമായ മാതാപിതാക്കളെ നോക്കേണ്ടിയിരുന്നതിനാല്‍ 2016 -ല്‍ ഇദ്ദേഹം ആ ജീവിതം വിട്ട് വീണ്ടും വീട്ടിലെ ജീവിതത്തിലേക്ക് തന്നെ തിരികെയെത്തി. രണ്ട് വര്‍ഷം മുമ്പ് 'ഒണ്‍ലി ഹ്യുമന്‍' എന്ന യൂട്യൂബ് ചാനലില്‍ ഡോക്യുമെന്ററിയായി ഡാനിയേലിന്റെ ജീവിതം പ്രത്യക്ഷപ്പെട്ടതോടെയാണ് ഇയാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.






