
ചൈനയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റായ സോംഗ് ജിയായിന്‍ ടാറ്റുവിലൂടെ കഥ പറയുന്ന കലാകാരിയാണ്. അതിലുപരി ഇവര്‍ തന്റെ ടാറ്റൂവിലൂടെ സ്ത്രീകളെ ശാക്തീകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്.
തന്റെയടുത്ത് ടാറ്റൂ ചെയ്യാനായി എത്തുന്ന സ്ത്രീകളെയെല്ലാം വിശദമായി ഇന്റര്‍വ്യൂ ചെയ്ത് അവരുടെ ഉള്ളിലെ വിഷമങ്ങളും, പ്രതിസന്ധികളും സ്വപ്നങ്ങളും, ലക്ഷ്യങ്ങളുമൊക്കെ അറിഞ്ഞതിനുശേഷമാണ് ഇവര്‍ ടാറ്റൂ ചെയ്യുക. കാരണം താന്‍ അവരുടെ ശരീരത്തില്‍ കുത്തുന്ന ടാറ്റൂ എക്കാലവും അവരെ പ്രചോദിപ്പിക്കുന്ന ഒന്നായിരിക്കണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്. കൂടാതെ ഇത്തരത്തില്‍ താന്‍ എടുക്കുന്ന അഭിമുഖങ്ങള്‍ അവര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പബ്ലിഷ് ചെയ്യുകയും ചെയ്യും. സ്ത്രീകളുടെ സ്വാതന്ത്ര്യവും സ്വപ്നവും ചുരുങ്ങിപ്പോയ ഒരു രാജ്യത്ത് ഇങ്ങനെയൊരു പ്രവൃത്തിയിലൂടെയെങ്കിലും അവരെ ശാക്തീകരിക്കാനാണ് താന്‍ ശ്രമിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.
സ്ത്രീ സ്വാതന്ത്ര്യത്തിന് വലിയ വെല്ലുവിളിയാണ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ കീഴില്‍,നേരിട്ടുകൊണ്ടിരിക്കുന്നത്. ചൈനയില്‍ എല്ലാവിധ ഫെമിനിസ്റ്റ് ആക്ടിവിസത്തെയും അടിച്ചമര്‍ത്തുകയും എന്‍ജിഒകളെ നിയന്ത്രിക്കുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതും അടക്കമുള്ള നടപടികള്‍ ഇപ്പോള്‍ വ്യാപകമാണ്. ഒരു ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സോംഗ്, തന്റെ ഈ പ്രവൃത്തിയെ ഒരു തുറന്ന ഡോക്യുമെന്ററിയായാണ് കാണുന്നത്, അത് സ്ത്രീളെ പ്രോത്സാഹിപ്പിക്കുന്നതിനു സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.






