മലയാള നാടകവേദിയുടെ നവോത്ഥാനത്തിനു വഴിതെളിച്ച പ്രതിഭാശാലികളില്‍ അഗ്രഗണ്യനായ സി.എന്‍. ശ്രീകണ്ഠന്‍നായര്‍ കാലയവനികയില്‍ മറഞ്ഞിട്ട് ഇന്നു നാലു പതിറ്റാണ്ട് തികയുന്നു. നാടകവേദിയെ പ്രേത്സാഹിപ്പിക്കാന്‍ ലിറ്റില്‍ തീയറ്റര്‍ പ്രസ്ഥാനം ആരംഭിച്ചത് അദ്ദേഹമാണ്. പൊന്‍കുന്നം വര്‍ക്കിയേയും തോപ്പില്‍ ഭാസിയേയും പോലുള്ള പ്രതിഭകള്‍ ജനജീവിതത്തെ പരിവര്‍ത്തനവിധേയമാക്കി നാടകരംഗത്ത് ആധിപത്യം സ്ഥാപിച്ച കാലത്തുതന്നെയാണു ശ്രീകണ്ഠന്‍നായരുടെ നാടകപരീക്ഷണങ്ങളും അരങ്ങേറിയത്.
പ്രഫ. എന്‍. കൃഷ്ണപിള്ള, പി.കെ. വിക്രമന്‍നായര്‍ എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തു കലാവേദി സംഘടിപ്പിക്കാനും അമച്വര്‍ നാടകവേദിയുടെ പുനരുദ്ധാരണത്തിനും ശ്രീകണ്ഠന്‍നായര്‍ വഹിച്ച പങ്ക് വലുതാണ്. കലാവേദിയുടെ നാടകങ്ങളിലൂടെ അരങ്ങിലെത്തിയ നടീനടന്മാര് പ്രഗത്ഭരായിരുന്നു. തോപ്പില്‍ഭാസി, കുതിരവട്ടം പന്മനാഭപിള്ള, പന്മന രാമചന്ദ്രന്, മാവേലിക്കര പൊന്നമ്മ, ജയകുമാരി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ നാടകങ്ങളില്‍ വേഷമിട്ടവരില്‍ പ്രധാനികളാണ്.
രാമായണത്തെ അധികരിച്ചു രചിച്ച കാഞ്ചനസീത മലയാളസാഹിത്യത്തില്‍ ഇന്നും പുതുമയാണ്. 1965-ല്‍ സാകേതവും 1974-ല്‍ ലങ്കാലക്ഷ്മിയും നാടകാസ്വാദകര്‍ക്കു നവ്യാനുഭവം കാഴ്ചവച്ചു. കാഞ്ചനസീതയ്ക്ക് കേരള നാടക സാഹിത്യ അക്കാഡമി പുരസ്കാരവും നഷ്ടക്കച്ചവടത്തിനു സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ എം.പി. പോള്‍ പുരസ്കാരവും ലഭിച്ചു.
ചവറ ഗ്രാമത്തിന്റെ അഭിമാനമായിരുന്നു ശ്രീകണ്ഠന്‍നായര്‍.സ്വാതന്ത്ര്യസമരഭടനും സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവും ശ്രീമൂലം അസംബ്ലി അംഗവുമായിരുന്ന മടവൂര്‍ എസ്. നീലകണ്ഠപിള്ളയുടെയും ചവറ പറപ്പുര് മാധവിക്കുട്ടിയമ്മയുടെയും മകനായി 1928 മാര്‍ച്ച് 31-നാണ് ജനനം. ചവറ ഗവണ്മെന്റ് ഹൈസ്കൂള്‍, തിരുവനന്തപുരം ആര്‍ട്സ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തകനായി. തുടര്‍ന്നു സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. അഖില തിരുവിതാംകൂര്‍ വിദ്യാര്‍ഥി കോണ്‍ഗ്രസ് പ്രസിഡന്റ് (1947), അഖിലേന്ത്യാ വിദ്യാര്‍ഥി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് (1948) എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ബി.എ. ബിരുദം എടുത്തശേഷം പത്രപ്രവര്‍ത്തകനായി. നാലുവര്‍ഷം കൗമുദി വാരികയുടെ എഡിറ്റര്‍. പിന്നീട് ദേശബന്ധു, പ്രബോധം, നവഭാരതം, താരാപഥം തുടങ്ങിയ വാരികകളുടെ പത്രാധിപരായും ജോലി ചെയ്തു. 1958 മുതല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി. 1964-ല്‍ രാജിവച്ച് കേരളഭൂഷണം വാരികയുടെ പത്രാധിപരായി.
കോട്ടയം നവരംഗ്, കോട്ടയം ഫിലിം സൊസൈറ്റി എന്നിവ സ്ഥാപിച്ചു. ഒട്ടേറെ നാടകങ്ങള്‍ സംവിധാനം ചെയ്തു. നിരവധി കഥകള്‍ എഴുതിയെങ്കിലും കഥാകൃത്ത് എന്ന നിലയില്‍ അറിയപ്പെടാനായിരുന്നില്ല നിയോഗം. രാഷ്ട്രീയപ്രവര്ത്തകന്, നാടകകാരന്, ചെറുകഥാകൃത്ത്, പത്രപ്രവര്ത്തകന്, അഭിനേതാവ് തുടങ്ങിയ നിലകളില്‍ സജീവമായിരുന്ന ശ്രീകണ്ഠന്‍നായര്‍ 1976 ഡിസംബര്‍ 17-ന് അന്തരിച്ചു. നഷ്ടക്കച്ചവടം, കാഞ്ചനസീത, ആ കനി തിന്നരുത്, മാന്യതയുടെ മറ, ഏട്ടിലെ പശു, മധുവിധു, സാകേതം, ലങ്കാലക്ഷ്മി, കലി, സിന്ദൂരപ്പൊട്ട്, പിച്ചിപ്പൂവ്, തിളങ്ങുന്ന മണ്ണ്, പുളിയിലക്കര നേര്യത്, സ്നേഹം, രണ്ടിലയും ഒരു തിരിയും, ഭക്തി തുടങ്ങിയവയാണു പ്രധാന കൃതികള്‍.






