
ദേശീയ രാഷ്ട്രീയത്തിലേക്കടക്കം ശക്തമായൊരു തിരിച്ചു വരവ് ലക്ഷ്യമിടുന്ന മുസ്ലീം ലീഗിന്റെ ദേശീയ സമ്മേളനത്തിന് നാളെ തുടക്കമാകും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ അറിയിച്ചു. നാളെ ആരംഭിക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തോടെ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കാണ് തുടക്കമാകുക.
ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് എഐകെഎംസിസി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം നടക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമ്മേളനത്തോടെ നാളെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് തുടക്കമാകും. മുസ്ലിം ലീഗ് രൂപീകരണത്തിന്റെ 75ആം വാര്‍ഷികത്തോടനുബന്ധിച്ചാണ് പാര്‍ട്ടി രൂപീകൃതമായ ചെന്നൈയില്‍ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് 10ന് മുസ്ലിം ലീഗ് രൂപീകരണ യോഗം നടന്ന രാജാജി ഹാളില്‍ ദേശീയ കൗണ്‍സില്‍ യോഗം ചേരും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാവുക. തുടര്‍ന്ന് ചെന്നൈ കൊട്ടിവക്കം വൈഎംസിഎ ഗ്രൗണ്ടില്‍ പൊതു സമ്മേളനം നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് മുഖ്യാതിഥിയാകും.






