
മിമിക്രി വേദികളിലൂടെ തുടങ്ങി പിന്നീട് തിരുവനന്തപുരത്തിന്റെ ഗ്രാമ്യഭാഷയുടെ പ്രത്യേകതകള്‍ സിനിമയില്‍ വരുത്തി പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങളില്‍ തുടങ്ങിയ താരം നായകവേഷത്തിലും തിളങ്ങിയ താരമാണ്. സുരാജ് കടന്നു വന്ന വഴികള്‍ ഏറെ കാഠിന്യം നിറഞ്ഞതാണ്. അതുകൊണ്ടാവാം ആ വഴിത്താരകള്‍ സുരാജിന് പരിചിതമാകുന്നതും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ അത്തരമൊരു പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. തന്റെ സഹതാരവും തകർപ്പൻ കോമഡികളുമായി അരങ്ങു വാഴുകയും ചെയ്യുന്ന സൂരജ് തേലക്കാടിന്റെ യാത്രകൾക്കു കൂട്ടായി സ്കോഡ സ്ലാവിയ വാങ്ങിയതിനെക്കുറിച്ചാണ് സുരാജിന്റെ കുറിപ്പ്.
‘‘വിജയമെന്നത് സ്വപ്നം കാണുന്നവനു മാത്രം അവകാശപ്പെട്ടതാണ്....അത് ഒട്ടും യാദൃശ്ശ്ചികമല്ല... കഠിനധ്വാനത്തിന്റെയും പരിശ്രമങ്ങളുടെയും ആകെത്തുകയാണത്.... ആത്മാർഥമായി ആഗ്രഹിക്കുന്നതിലേക്ക് എത്തിപെടുക എന്നത് ചെറിയ കാര്യവുമല്ല... കോമഡി സൂപ്പർ നൈറ്റിന്റെ വേദികളിൽ തുടങ്ങിയ സൗഹൃദമാണ് സൂരജുമായിട്ടുള്ളത്...ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ സിനിമ ലൊക്കേഷനിൽ നിന്നാണ് സൂരജിന്റെ സ്വപ്നങ്ങളുടെ കേൾവിക്കാരനായത്...ഇന്ന് സൂരജിന്റെ ഒരു സ്വപ്നത്തിന് കൂടി ചിറകു വച്ചിരിക്കുന്നു... പ്രിയപ്പെട്ട സൂരജ്...Sooraj Thelakkad...നിന്റെ ജീവിതയാത്രയിൽ നീ നേടിയെടുത്ത എല്ലാ നേട്ടങ്ങളിലും അഭിമാനവും സന്തോഷവുമുണ്ട്...ഈ പുതിയ സുഹൃത്തിനോടൊപ്പം നിന്റെ യാത്ര തുടരുക...ഇനിയും നല്ല സ്വപ്നനങ്ങളിലേക്ക് നടന്നു കയറാൻ നിനക്ക് സാധിക്കട്ടെ...എന്റെ എല്ലാവിധ ആശംസകളും ❤..’’ എന്നാണ് സുരാജ് കുറിച്ചത്. സൂരജിനൊപ്പം കാറിലിരുന്ന് യാത്ര ചെയ്തു വരുന്ന വീഡിയോയാണ് സുരാജ് പങ്കുവച്ചിരിക്കുന്നത്. സുരാജിന്റെ വീഡിയോയ്ക്ക് താഴെ ‘ഏട്ടാ... ❤️❤️❤️...’’ എന്ന് സൂരജും കമന്റു ചെയ്തിട്ടുണ്ട്.
താന്‍ കാര്‍ വാങ്ങിയ സന്തോഷം സൂരജും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘സ്വപ്നം യാഥാർഥ്യമാക്കിയ നിമിഷം’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.പരിമിതികളെ മറികടന്ന് രണ്ടു വർഷം മുമ്പ് സൂരജ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സ്കോഡയുടെ പ്രീമിയം സെഡാൻ സ്ലാവിയയുടെ അംബീഷൻ പതിപ്പാണ് സൂരജ് സ്വന്തമാക്കിയത്.






