
മുംബൈ: നടി രശ്മിക മന്ദനയോട് ഒന്നുമില്ലെന്നും അത്തരം ഒരു കാര്യത്തെക്കുറിച്ച് അറിയുക പോലും ഇല്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍. വ്യാഴാഴ്ച അഹമ്മദാബാദില്‍ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലുള്ള തയാറെടുപ്പിലാണ് ഗില്‍ ഇപ്പോള്‍.
സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നു സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ച ശുഭ്മന്‍ ഗില്‍ ഏതു മാധ്യമവുമായി സംസാരിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞതെന്നും ചോദിച്ചു. കഴിഞ്ഞ ദിവസമാണ് ശ്മിക മന്ദാനയോടു ക്രഷ് ഉണ്ടെന്ന് ഗില്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ താന്‍ അങ്ങിനെ ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് ഗില്ലിന്റെ ഏറ്റവും പുതിയ പ്രതികരണം.
തെന്നിന്ത്യന്‍ സിനിമകളില്‍ ഉടനീളം ഓടിനടന്ന് അഭിനയിക്കുന്ന രശ്മിക മന്ദനയ്ക്ക് ക്രിക്കറ്റുമായുള്ള ബന്ധം താരം അഭിനയിച്ച ഡീയര്‍ കോമ്രേഡ് എന്ന സിനിമയില്‍ ക്രിക്കറ്റ് താരമായി അഭിനയിച്ചതാണ്. വിജയ് ദേവര്കൊണ്ടയായിരുന്നു ഈ സിനിമയില്‍ നായകന്. രശ്മിക മന്ദനയാകട്ടെ യുവനടന് വിജയ്ദേവര്കൊണ്ടയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും നേരത്തേ പുറത്തുവന്നിരുന്നു.
അതേസമയം ശുഭ്മാന്‍ ഗില്‍ ആകട്ടെ ഫോം മങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ പകരക്കാരനായി ടീമിലെത്തിയ ആളാണ്. രാഹുലിന്റെ പകരക്കാരന് എന്ന നിലയില്‍ ഏവരും ഉറ്റുനോക്കുന്ന ഗില്ലിന് പക്ഷേ ഇതുവരെ ഫോം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
നാലാം ടെസ്റ്റില്‍ താരം കളിക്കുമെന്നും ഫോമില്‍ തിരിച്ചെത്തുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ. മൂന്നാം ടെസ്റ്റില്‍ ഓപ്പണറായ ഗില്‍ ആദ്യ ഇന്നിങ്സില്‍ 21 റണ്‍സും രണ്ടാം ഇന്നിങ്സില്‍ അഞ്ചു റണ്‍സുമാണു നേടാനായത്. അതേസമയം രശ്മികയുമായുള്ള ഗോസിപ്പ് കോളങ്ങളില്‍ പെടും മുമ്പ് സച്ചിന് തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുമായി ഗില്‍ ഡേറ്റിങ്ങിലാണെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.






