
ഡറാഡൂണ്‍ : തൈറോയ്ഡ് പ്രശ്നം മൂലം നിരാശയിലും വിഷാദത്തിലും അകപ്പെട്ടുപോയ അനേകരുണ്ട് നമുക്കിടയില്‍. ഇവര്‍ക്കെല്ലാം പ്രചോദനവും ധൈര്യവുമായി മാറുകയാണ് ഉത്തരാഖണ്ഡുകാരിയായ പ്രതിഭാ തപ്ളിയാള്. ദേശീയ വനിതാ ശരീരസൗന്ദര്യ മത്സരത്തിലെ ചാംപ്യനാണ് ഉത്തരാഖണ്ഡിലെ പൗരിഗര്വാളുകാരിയായ രണ്ടു കുട്ടികളുള്ള ഈ 41 കാരി.
മദ്ധ്യപ്രദേശിലെ രത്ലമില് നടന്ന ദേശീയ വനിതാ ബോഡി ബില്‍ഡിംഗ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയിരിക്കുകയാണ്. അഞ്ചു വര്‍ഷം മുമ്പ് തൈറോയ്ഡ് പ്രശ്നത്തില്‍ വലഞ്ഞിരുന്ന ഈ വീട്ടമ്മ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ജിമ്മില്‍ പോയതും വര്‍ക്കൗട്ട് ആരംഭിച്ചതും. കൗമാര പ്രായത്തിലുള്ള രണ്ടു മക്കളുടെ മാതാവായ പ്രതിഭ പങ്കെടുത്ത രണ്ടാമത്തെ ടൂര്‍ണമെന്റില്‍ തന്നെ ചാംപ്യന്‍ഷിപ്പ് നേടുകയും ചെയ്തു.
അഞ്ചുവര്‍ഷം മുമ്പ് ഇവരുടെ തൈറോയ്ഡ് ലെവല്‍ അഞ്ചില്‍ നിന്നും 50 ലേക്ക് ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ വര്‍ക്കൗട്ട് ചെയ്യാന്‍ പറഞ്ഞത്. പിന്നാലെ തന്നെ ഭര്‍ത്താവ് ഭൂപേഷിനൊപ്പം ജിമ്മില്‍ പോയി. ഏതാനും മാസങ്ങള്‍കൊണ്ട് 30 കിലോ ഭാരമാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം സിക്കിമില്‍ നടന്ന ശരീരസൗന്ദര്യ മത്സരത്തിലാണ് പ്രതിഭ ആദ്യം പങ്കെടുത്തത്. അന്ന് നാലാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞിരുന്നു. ബോഡി ബില്‍ഡിംഗിലേക്ക് തിരിഞ്ഞപ്പോള്‍ അനേകം പേര് പരിഹസിച്ചിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ സ്വര്‍ണ്ണം നേടിയതോടെ എല്ലാം ഇല്ലാതായെന്നും പറഞ്ഞു. ഭര്‍ത്താവ് ഭൂപേഷിന്റെ പിന്തുണയാണ് എല്ലാറ്റിനും സഹായിച്ചതെന്നും ഇവര്‍ പറയുന്നു.
ഫിറ്റ്നസ് കമ്പക്കാരനും ഡയറ്റീഷ്യനുമായ ഭര്‍ത്താവ് ആദ്യം ശ്രദ്ധിച്ചത് തന്റെ മസിലാണെന്ന് യുവതി പറയുന്നു. തുടര്‍ന്ന് അദ്ദേഹമാണ് ബോഡിബില്‍ഡിംഗിലേക്ക് വിട്ടത്. ഋഷികേശില്‍ സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് വോളിബോളും ക്രിക്കറ്റും പ്രതിഭ കളിച്ചിരുന്നു. വിവാഹം നടക്കുമ്പോള്‍ പോലും സംസ്ഥാന വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു.
ബോഡിബില്‍ഡിംഗ് ചാംപ്യന്‍ഷിപ്പില്‍ ആദ്യം മത്സരിച്ച സിക്കിമില്‍ നാലാം സ്ഥാനത്തായി പോയതാണ് പ്രതിഭയെ ദിവസവും കഠിനാദ്ധ്വാനം ചെയ്യിക്കാന്‍ പ്രേരിപ്പിച്ച ഘടകം. കഠിനമായ ഡയറ്റില്‍ ഏഴു മണിക്കൂറുകള്‍ ജിമ്മില്‍ ദിവസവും ചെലവഴിച്ചു. അതിന്റെ ഫലമാണ് രണ്ടാം ചാംപ്യന്‍ഷിപ്പില്‍ കിട്ടിയ സ്വര്ണ്ണമെഡലെന്നും ഇവര്‍ പറയുന്നു. പ്രതിഭയുടെ രണ്ടാണ്മക്കള് ഡെറാഡൂണിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഏഷ്യന്‍ ചാംപ്യന്ഷിപ്പിനൊരുങ്ങുകയാണ് പ്രതിഭ ഇപ്പോള്‍. പിന്നാലെ ലോകചാംപ്യന്‍ഷിപ്പില്‍ മത്സരിക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്.