
പത്തനംതിട്ട: എല്ലാ വേനലും പത്തനംതിട്ടയിലെ നരനാമൂഴിയിലെ നാട്ടുകാര്‍ക്ക് ദുരിതമാണ്. പ്രദേശത്തെല്ലാം വെള്ളം തീര്‍ത്തും വറ്റുന്നതോടെ വെള്ളം വിലയ്ക്ക് വാങ്ങേണ്ടി വരും. എന്നാല്‍ ഇത്തവണത്തെ വേനലിന് നരനാമൂഴിയിലെ ജെസ്സിസാബുവിനും കുടുംബത്തിനും നേരിയ ആശ്വാസമുണ്ട്. ഇവരും സുഹൃത്തുക്കളായ ആറു പേരും ചേര്‍ന്ന് കിണര്‍ കുഴിച്ചു.
ജെസ്സിയുടെ വീടിന്റെ പരിസരത്താണ് കിണര്‍ കുത്തിയത്. വര്‍ഷം തോറും വേനല്‍ കനക്കുമ്പോള്‍ ഇവര്‍ വലിയ ദുരിതം അനുഭവിച്ചിരുന്നു. നരനാമൂഴി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ജെസ്സിയും ഭര്‍ത്താവ് സാബുവും മൂന്ന് മക്കളും കഴിയുന്നത്. വരള്‍ച്ച മൂക്കുമ്പോള്‍ ഇവിടുത്തുകാര്‍ക്ക് വെള്ളം കൊണ്ടുവരുന്ന ടാങ്കര്‍ലോറികളെ ആശ്രയിക്കാതെ തരമില്ല.
1000 രൂപ മുടക്കി 2000 ലിറ്റര്‍ വെള്ളം വാങ്ങിയാല്‍ അത് ഒരാഴ്ച കൊണ്ട് തീരും. ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ തുണിയലക്കാനും മറ്റും ഏഴുകിലോമീറ്റര്‍ അപ്പുറത്തുള്ള പമ്പയാറിനെ ആശ്രയിക്കേണ്ടി വരും. തുണിയും വാരിക്കെട്ടി അവിടെയെത്താന്‍ ഓട്ടോക്കൂലി 400 രൂപയാകും. അതുകൊണ്ടു തന്നെ എല്ലാ വര്‍ഷവും കുടുംബം ആശ്രയിച്ചിരുന്നത് ടാങ്കര്ലോറിയെയാണ്.
അതുകൊണ്ട് സ്വന്തമായി ഒരു കിണര്‍ കുഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും അതിന് ലക്ഷങ്ങള്‍ കൂലി കൊടുക്കാന്‍ വേണ്ടി വരുമെന്നത് തടസ്സമായി. ഇതോടെയാണ് സ്വന്തമായി കിണര്‍ കുത്താമെന്ന് വിചാരിച്ചത്. മാര്‍ച്ച് 2 ന് ഇവര്‍ കിണര്‍കുഴിക്കല്‍ തുടങ്ങി. സുഹൃത്തിന്റെ ദുരിതം മനസ്സിലാക്കി മാിയമ്മ തോമസ്, ലീലാമ്മ ജോസ്, ഉഷാകുമാരി, ലില്ലി, കൊച്ചുമോള്, റജിമോള്‍, അനുതോമസ് എന്നിവരും പണിയില്‍ സഹായിക്കാന്‍ ഇറങ്ങി.
മാര്‍ച്ച് 4 ന് പണിയാരംഭിച്ച് നാലു മീറ്റര്‍ താഴ്ന്നപ്പോള്‍ ജലാംശം കണ്ടു. ഏഴു മീറ്ററോളം താഴ്ത്തിയാല്‍ വെള്ളം കിട്ടുമെന്ന് കരുതി വീണ്ടും കുഴിച്ചു. ഏഴു മീറ്റര്‍ താഴ്ന്നപ്പോള്‍ പാറയും മറ്റും പണിയ്ക്ക് തടസ്സമായി. എന്നാല്‍ വെള്ളം കാണുന്നത് വരെ പണി നിര്‍ത്തേണ്ടതില്ല എന്ന് തീരുമാനിച്ച് വീണ്ടും ജോലി തുടരുകയായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവരെല്ലാം. ഒരുമിച്ചാണ് ജോലിക്ക് പോകുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പണിയാരംഭിച്ചതോടെ പഞ്ചായത്ത് അധികൃതര്‍ ഈ ജോലി തൊഴിലുറപ്പിന് കീഴിലാക്കിക്കൊടുക്കാമെന്ന് ഉറപ്പ് കൊടുത്തു. ഏറ്റെടുത്ത ജോലി എന്തുവന്നാലും പൂര്‍ത്തീകരിക്കുമെന്നാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്ന ദേശീയ മാധ്യമത്തിന് കൊടുത്ത റിപ്പോര്‍ട്ടില്‍ ജെസ്സി പറഞ്ഞത്.
(വാര്ത്തയിലേത് യഥാര്‍ത്ഥ ചിത്രമല്ല; ഉപയോഗിച്ചിട്ടുള്ളത് പ്രതീകാത്മകചിത്രം)






