
ആലപ്പുഴ: വിനോദയാത്രയ്ക്കെത്തിയ വിദേശികളില്‍നിന്ന് നഷ്ടപ്പെട്ട ഐ ഫോണ്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സൈബര്‍ പോലീസ് കണ്ടെത്തി തിരികെ നല്കി.
ആലപ്പുഴ കാണാന്‍ എത്തിയ ഇംഗ്ളണ്ട് സ്വദേശിയും ഇംഗ്ളീഷ് പോലീസ് സേനയിലെ ഉദ്യോഗസ്ഥനുമായ നിയാലും സുഹൃത്ത് എലനോര്‍ ബന്‍ടനും ആലപ്പുഴ ബീച്ചില്‍വച്ചാണ് ഐ- ഫോണ്‍ നഷ്ടപ്പെട്ടത്. എലനോര്‍ ബന്ട്ടന്റേതായിരുന്നു ഫോണ്‍. ആലപ്പുഴ സൈബര്‍ സെല്ലില്‍ വിവരം അറിയച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഓട്ടോറിക്ഷയുടെ നമ്പര്‍ വ്യക്തമല്ലായിരുന്നു. നഗരത്തിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയുടെ സീറ്റിന് ഇടയില്‍നിന്നും ഫോണ്‍ കണ്ടെത്തി. ഇന്‍സ്പെക്ടര്‍ കെ. അജിത്ത് കുമാറില്‍നിന്നും ഫോണ്‍ ഏറ്റുവാങ്ങി പോലീസിന് നന്ദി പറഞ്ഞാണ് ഇരുവരും മടങ്ങിയത്.






