തിരുവനന്തപുരം ; ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ മുളളന്‍ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി. സംഭവം നടന്നത് കഠിനംകുളം ഗവണ്മെന്റ് എല്‍ പി സ്കൂളിലാണ്. ക്ലാസ് മുറിയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
മുള്ളന്‍ പന്നി ക്ലാസ് മുറിയിലേക്ക് ഉച്ചയോടെയാണ് ഓടി കയറിയത്. സ്കൂളില്‍ പൊതു പരിപാടി നടക്കുന്നതിനാല്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഓഡിറ്റോറിയത്തിലായിരുന്നു. ക്ലാസ് മുറിയില്‍ നിന്നും മുളളന്‍ പന്നി കുട്ടികളുടെ ശുചിമുറിയിലേക്ക് ഓടിക്കയറുന്നത് കണ്ട സ്കൂള്‍ ഹെഡ്മിസ്ട്രസാണ് മുളളന്‍ പന്നിയെ ശുചിമുറിയില്‍ പൂട്ടിയിട്ടത്. ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ പാലോട് ചെക്കോണം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പിന്നീട് കൂട് സ്ഥാപിച്ച് രാത്രിയോടെ മുളളന്‍ പന്നിയെ പിടികൂടി. ഏകദേശം നാല് വയസ് പ്രായമുള്ള മുള്ളന്‍ പന്നിയെ പാലോട് റേഞ്ചിലെ കാട്ടില്‍ തുറന്നുവിടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുള്ളന്‍ പന്നിയെ പിടികൂടിയത് പാലോട് ചെക്കോണം ഡെപ്യൂട്ടി സ്റ്റേഷന് ഓഫീസര്‍ കമറുദ്ദീന്, ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍ പ്രതീപ് കുമാര്‍, അജിത് കുമാര്‍, ബിനു ഉമ്മന്‍, ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ്.






