
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള താരം ശാരീരിക പ്രയാസങ്ങളെ മറികടന്ന് തിരിച്ചുവരവിനുള്ള കഠിന പരിശ്രമത്തിലാണ്. ടീമില്‍ തിരിച്ചെത്താനാവുമെന്നുമുള്ള പ്രതീക്ഷയുള്ള ഋഷഭ്, ക്രച്ചസ് ഉപയോഗിച്ച് നടക്കുന്നതിന്റെ ചിത്രങ്ങളും സ്വിമ്മിങ് പൂളില്‍ നടക്കുന്നതിന്റെ വിഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് പന്തിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ‘‘കുഞ്ഞന്‍ ചുവടുകളിലേക്ക് !!! ഈ ചാമ്പ്യൻ വീണ്ടും ഉയരാൻ പോകുകയാണ് 🔜 .നേരിട്ട് കാണുകയും ഒരുപാട് ചിരിക്കുകയും ചെയ്തു😅എല്ലായ്പ്പോഴും പോസിറ്റീവും തമാശക്കാരനും ആയ ഒരു പയ്യനൊപ്പമുള്ള നിമിഷങ്ങള്‍... ഒപ്പം നന്നായി ചിരിക്കുകയും ചെയ്യുന്നു !! നീ കൂടുതല്‍ ശക്തനായിരിക്കട്ടെ റിഷഭ് പന്ത് 🤛 💫...’’ പന്തിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് യുവരാജ് സിംഗ് കുറിച്ചു..
2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് ഋഷഭ് പന്തിന്റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തില്‍ കാറിന് തീപിടിച്ചെങ്കിലും താരം അദ്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. ആശുപത്രിയില്‍ ഒരു മാസത്തോളം കഴിഞ്ഞ ശേഷം വീട്ടിലെത്തിയ താരം ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള തുടര്‍ ചികിത്സകളും പരിശീലനവും നടത്തുന്നുണ്ട്. ആറ് മുതല്‍ ഒമ്പത് മാസം വരെയാണ് പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരാന്‍ ഡോക്ടര്‍മാര്‍ പന്തിന് പ്രവചിച്ചിരിക്കുന്ന സമയം. വരുന്ന ഐ.പി.എല്‍ സീസണ് താരത്തിന് നഷ്ടമാകും.







Comments