
ടൊയോട്ട ഹൈലക്സിനെ അവതരിപ്പിച്ചപ്പോള്‍ മൂന്ന് വകഭേദങ്ങളില്‍ വിപണിയിലെത്തുന്ന വാഹനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 33.99 ലക്ഷം രൂപയായിരുന്നു വില. ഹൈ വേരിയന്റിന് 35.80 ലക്ഷം രൂപയും ഹൈ ഓട്ടമാറ്റിക്കിന് 36.80 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വില. എന്നാല്‍ ദേ ഇപ്പോള്‍ കൂടുതല്‍ ആളുകളെ കൈയിലെടുക്കാനായി ടൊയോട്ട ഹൈലക്സിന്റെ വില ഇന്ത്യയില്‍ കുറച്ചിരിക്കുകയാണിപ്പോള്‍. ലൈഫ് സ്റ്റൈല്‍ പിക്കപ്പിന്റെ സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സ് മോഡലിന് 3.59 ലക്ഷം രൂപയാണ് കമ്പനിയിപ്പോള്‍ വെട്ടിനിരത്തിയിരിക്കുന്നത്. അതേസമയം മറ്റ് രണ്ട് വേരിയന്റുകളുടെ വില വര്‍ധിപ്പിച്ചതും ശ്രദ്ധേയമായിട്ടുണ്ട്.
ഹൈലക്സ് ഹൈ മാനുവല്‍, ഹൈ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില യഥാക്രമം 1.35 ലക്ഷം രൂപ, 1.10 ലക്ഷം രൂപ എന്നിങ്ങനെയായാണ് ടൊയോട്ട ഉയര്‍ത്തിയിരിക്കുന്നത്. ഇനി മുതല്‍ മോഡലിന്റെ പുതുക്കിയ പ്രാരംഭ എക്സ്ഷോറൂം വില 30.40 ലക്ഷം രൂപയായിരിക്കും. ഈ വര്‍ഷം ആദ്യം രണ്ടാം ബാച്ചിന്റെ ബുക്കിംഗ് എക്സ്ഷോറൂം വിലകളില്‍ ഒരു പരിഷ്കരണവുമില്ലാതെ വീണ്ടും ആരംഭിക്കുകയും ചെയ്തിരുന്നു. പുതിയ ടൊയോട്ട ഹൈലക്സിന്റെ പുതുക്കിയ വേരിയന്റ് തിരിച്ചുള്ള എക്സ്ഷോറൂം വില ഇങ്ങനെയാണ്. ഹൈലക്സ് സ്റ്റാന്‍ഡേര്‍ഡ് 4x4 മാനുവലിന് 30.40 ലക്ഷം രൂപ, ഹൈലക്സ് ഹൈ 4x4 മാനുവല്‍ 37.15 ലക്ഷം രൂപ, ഹൈലക്സ് ഹൈ 4x4 ഓട്ടോമാറ്റിക് 37.90 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇനി മുതല്‍ ആഭ്യന്തര വിപണിയില്‍ ചെലവഴിക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, 700 mm വാട്ടര്‍ വേഡിംഗ് കപ്പാസിറ്റി, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, റിയര്‍ ഡിഫ് ലോക്ക് എന്നീ സവിശേഷതകളെല്ലാം ഉള്ളതിനാല്‍ ഏതു കുന്നും മലയും താണ്ടാന്‍ ഈ പിക്കപ്പ് ട്രക്കിനാവും. 210 bhp കരുത്തില്‍ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കുന്ന ഫോര്‍ച്യൂണറിന്റെ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹൈലക്സും ഉപയോഗിക്കുന്നത്. ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്കില്‍ ഫോര്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡായാണ് ടൊയോട്ട സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ശരിയായ ലോ & ഹൈ റേഷ്യോ ട്രാന്‍സ്ഫര്‍ കേസും ഉണ്ട്. ട്രാന്സ്മിഷന് ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമാണ് തെരഞ്ഞെടുക്കാനാവുന്നത്.






