
ആര്‍എസ്എസിനോടുള്ള നിലപാടില്‍ യാതൊരു മാറ്റവും മുസ്ലിം ലീഗ് വരുത്തിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. മലപ്പുറത്ത് വച്ച് മുസ്ലിം ലീഗ് എംഎല്‍എയുമായി ചര്‍ച്ച നടത്തിയെന്നും ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് കാണുന്നതെന്നും ആര്‍എസ്എസ് നേതാക്കള്‍ കൊച്ചിയില്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു മുസ്ലീം ലീഗിന്റെ പ്രതികരണം. ആര്‍എസ്എസുമായി ലീഗ് എംഎല്‍എ ചര്‍ച്ച നടത്തിയെന്ന വാദം തള്ളി മുസ്ലിം ലീഗ്.
ഹരിയാനയിലെ പാനിപ്പത്തില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധ സഭയുടെ വിശദാംശങ്ങള്‍ അറിയിക്കാനായി കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വര്‍ഷങ്ങളായി ഇരു പക്ഷത്തു നില്ക്കുന്ന ആര്‍എസ്എസ് മുസ്ലിം ലീഗ് അടക്കമുളള പര്ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി വരുന്ന കാര്യം വെളിപ്പെടുത്തിയത്.
ലീഗിന് വര്‍ഗ്ഗീയ താല്പര്യങ്ങളുണ്ടെങ്കിലും തീവ്രവാദ നിലപാടുകള്‍ ഇല്ല. മലപ്പുറത്ത് മുസ്ലിം ലീഗ് എംഎല്‍എയുമായി സംഘടനയുടെ ബഹുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ചര്‍ച്ച നടത്തിയെന്നാണ് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് പി.എന്‍ ഈശ്വരന് വെളിപ്പെടുത്തിയത്.






