
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ അഭിമാനവും സന്തോഷവും ഉണ്ടാക്കിയ ഒന്നായിരുന്നു ആര് ആര് ആര് സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തില്‍ ഓസ്കാര്‍ ലഭിച്ചത്. അതിന്റെ ആഘോഷം ഇതുവരെ അവസാനിച്ചിട്ടില്ല. ലോകമൊട്ടാകെ ആരാധകരുള്ള ഈ ഗാനത്തിന് ഓസ്കാര്‍ കിട്ടിയതില്‍ ആര്‍ആര്‍ആര്‍' ടീമും ആരാധകരും ഒരുപോലെ സന്തോഷിക്കുകയാണ്. ഇപ്പോഴിതാ ആ സന്തോഷത്തില്‍ ജര്‍മന്‍ എംബസിയും പങ്കുചേരുകയാണ്. ഡല്‍ഹിയിലെ തെരുവില്‍ എംബസിയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ‘നാട്ടു നാട്ടു’വിന് നൃത്തച്ചുവടുകള്‍ വയ്ക്കുന്ന ജര്‍മന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംഘം ചെങ്കോട്ടയ്ക്ക് സമീപം ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നതും ‘നാട്ടു നാട്ടു’വിനൊത്ത് ചുവടുകള്‍ വയ്ക്കുന്നതുമാണ് വീഡിയോയില്‍. ‘ജര്‍മന്‍കാര്‍ക്ക് നൃത്തം ചെയ്യാന്‍ കഴിയില്ലേ? ഓസ്കര് 95ലെ ‘നാട്ടു നാട്ടു’വിന്റെ വിജയം ഞാനും എന്റെ ഇന്‍ഡോ-ജര്‍മന്‍ ടീമും ആഘോഷിച്ചു. വളരെ മികച്ചതല്ല. പക്ഷേ രസകരമാണ് ! നന്ദി. ഇങ്ങനെ ഒരു ആശയത്തിന് ഞങ്ങളെ പ്രചോദിപ്പിച്ച കൊറിയന്‍ എംബസിക്ക് നന്ദി. രാം ചരണിനും ‘ആര്‍ആര്‍ആര്‍’ ടീമിനും അഭിനന്ദനങ്ങള്‍. എംബസി ചലഞ്ച് ആരംഭിച്ചിരിക്കുന്നു. ഇനി അടുത്തത് ആരാണ് ?’’ ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ്പ് അക്കര്മാന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയ്ക്കൊപ്പം കുറിച്ചു.
95ാമത് ഓസ്കര് അക്കാദമി അവാര്‍ഡില്‍ ‘ഒറിജിനല്‍ സോംഗ്’ വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെടുകയും അവാര്‍ഡ് നേടുകയും ചെയ്ത ആദ്യത്തെ തെലുഗു ഗാനമാണ് ‘നാട്ടു നാട്ടു’. റിഹാന, ലേഡി ഗാഗ തുടങ്ങി പ്രമുഖരെ മറികടന്നാണ് ‘നാട്ടു നാട്ടു’ ഈ അംഗീകാരം നേടിയത്. ഗായകരായ രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ, സംഗീത സംവിധായകന് എം.എം കീരവാണി, സംവിധായകന് എസ്.എസ് രാജമൗലി, താരങ്ങളായ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ ലോസ് ഏഞ്ചല്‍സില്‍ നടന്ന 2023ലെ ഓസ്കര് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആറില്‍’ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ചന്ദ്രബോസിന്റെ വരികള്‍ക്ക് എം.എം കീരവാണിയുടെ സംഗീതത്തില്‍, ഗായകരായ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. പ്രേം രക്ഷിത് ആണ് ‘നാട്ടു നാട്ടു’വിന്റെ കൊറിയോഗ്രാഫര്‍. ഗാന രംഗത്തില്‍ പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സായിരുന്നു രാം ചരണും ജൂനിയര്‍ എന്‍ടിആറും കാഴ്ചവച്ചത്.







Comments