
മുംബൈ: കുപ്രസിദ്ധ ഗുണ്ടാനേതാവില്‍ നിന്നും വധഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ ബോളിവുഡ് സൂപ്പര്‍താരം സല്മാന്ഖാന് ഉപദേശം. ബാന്ദ്രയിലെ താരത്തിന്റെ വീടിനുപുറത്ത് മുംബൈ പോലീസ് കനത്ത കാവലും ഏര്‍പ്പെടുത്തി. പ്രമുഖ പഞ്ചാബി ഗ്യാംഗ്സ്റ്റര്‍ ലോറന്‍സ് ബിഷ്ണോയിയില്‍ നിന്നും ഉണ്ടായിരിക്കുന്ന ഭീഷണിയെ സല്‍മാനും കുടുംബവും ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്.
താരത്തിന്റെ സുരക്ഷയില്‍ കുടുംബത്തിനൊന്നാകെ ആശങ്കയാണ്. സുരക്ഷയെ മുന്‍നിര്‍ത്തി സല്‍മാന്‍ഖാന്റെ ഷെഡ്യൂളുകളില്‍ മാറ്റം വരുത്താനും ഏതാനും ദിവസത്തേക്കെങ്കിലും ഗ്രൗണ്ട് ലെവലിലുള്ള പരിപാടികള്‍ ഒഴിവാക്കാന്‍ അദ്ദേഹത്തിന്റെ ടീമിനോടും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന സിനിമകളുമായി ബന്ധപ്പെട്ട് താരത്തിന് അനേകം പ്രമോഷന് പരിപാടികളുണ്ട്.
കുപ്രസിദ്ധ ക്രിമിനല്‍ ലോറന്‍സ് ബിഷ്ണോയി ഗ്യാംഗില്‍ നിന്നുമാണ് താരത്തിന് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ സല്‍മാന്‍ഖാന്റെ കുടുംബവും വലിയ ആശങ്കയിലാണ്. താരത്തിന്റെ മാനേജര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പഞ്ചാബി ഗായകന് സിദ്ധു മൂസ് വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബി ജയിലിലാണ് നിലവില്‍ ബിഷ്ണോയി.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് താരത്തിന് ഇ മെയില്‍ വഴി വധഭീഷണി ഉണ്ടായത്. കാനഡയിലെ ഗ്യാംഗ്സ്റ്റര്‍ ഗോള്‍ഡി ബ്രാറിന്റെ അടുത്ത അനുയായിയാണ് ലോറന്‍സ് ബിഷ്ണോയിയെന്നും ബ്രാറിന് താരവുമായി സംസാരിക്കണമെന്നും ഇ മെയിലില്‍ പറഞ്ഞിരുന്നു. ബിഷ്ണോയിയ്ക്കും ബ്രാബറിനും പുറമേ രോഹിത് ഗാര്‍ഗ് എന്ന മറ്റൊരാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
സല്മാന് ഖാന്റെ മാനേജര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 120 (ബി), 34, 506 (2) വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പുറത്ത് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ മെയിലിനെ കുറിച്ച് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തിവരികയാണ്. ഹിന്ദിയില്‍ തയ്യാറാക്കിയിട്ടുള്ള ഇ മെയിലില്‍ താന്‍ അടുത്തിടെ ഒരു ന്യൂസ് ചാനലിന് നല്കിയ അഭിമുഖം സല്മാന്ഖാന് കാണണമെന്നാണ് ബിഷ്ണോയി പറഞ്ഞിട്ടുള്ളത്. കണ്ടിട്ടില്ലെങ്കില്‍ അത് ഉടന്‍ കാണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ബിഷ്ണോയി താരത്തെ ഭീഷണിപ്പെടുത്തുന്നത് ഇതാദ്യമല്ല. സല്മാന്ഖാന് മാന്കേസില് കുരുങ്ങിയ 2018 ല്‍ ബിഷ്ണോയികളുടെ വൈകാരികതയെ മുറിപ്പെടുത്തിയെന്ന് ആരോപിച്ച് ലോറന്‍സ് ബിഷ്ണോയി രംഗത്ത് വന്നിരുന്നു. പിന്നാലെ അടുത്തിടെ ജയിലില്‍ നിന്ന് ഒരു അഭിമുഖത്തിനിടെ സല്മാന് ഖാനെ കൊല്ലുമെന്ന് ലോറന്‍സ് ബിഷ്ണോയി ഭീഷണിപ്പെടുത്തിയിരുന്നു. നാലഞ്ചു വര്‍ഷമായി സല്മാന് ഖാനെ കൊല്ലാന്‍ ആഗ്രഹിക്കുകയാണെന്നാണ് പറഞ്ഞത്.
ഭീഷണി കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം തന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ സല്മാന് ഖാന്റെ സുരക്ഷ കൂട്ടിയിരുന്നു. ഇപ്പോള്‍ വൈ പ്ലസ് ലെവല്‍ സുരക്ഷയാണ് നല്‍കുന്നത്. ഇതിന് പുറമേ സ്വന്തം നിലയിലും സുരക്ഷാഗാര്‍ഡുകളെ സല്മാന്ഖാന് വെച്ചിട്ടുണ്ട്. സല്‍മാന്റെ പ്രധാന അംഗരക്ഷകനായ ഷേര എന്നറിയപ്പെടുന്ന ഗുര്‍മീത് സിംഗ് അറിയപ്പെടുന്നയാളാണ്.
കഴിഞ്ഞ വര്‍ഷം മെയ് 29 ന് പഞ്ചാബി ഗായകന് സിദ്ധു മുസേവാലയും കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് സല്മാന് ഖാനും പിതാവ് സലിം ഖാനും ഭീഷണി കത്ത് ലഭിച്ചത്. സിദ്ധു മൂസ്വാലയെ പോലെ സല്‍മാനോടും പെരുമാറുമെന്ന് ആ കത്തില്‍ എഴുതിയിരുന്നു.
