
മോഹന്‍ലാലിന്റെ അരങ്ങേറ്റ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ‘ബറോസി’നെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. അതിന്റെ ലൊക്കേഷന്‍ വീഡിയോയും മറ്റും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തതാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ പ്രണവും അഭിനയിക്കുന്നു എന്ന തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുന്‍പു തന്നെ പ്രണവ് അഭിനയിക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ പ്രണവിന് നിര്‍ദേശങ്ങള്‍ നല്കുന്ന മോഹന്‍ലാല്‍ ആണ് വീഡിയോയില്‍. പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന പ്രണവിനോട് രംഗ ചിത്രീകരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് മോഹന്‍ലാല്‍. ടി കെ രാജീവ് കുമാറും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയുമൊക്കെ വീഡിയോയില്‍ ഉണ്ട്.
ചിത്രീകരണം അവസാനിച്ച സമയത്ത് ബറോസ് ലൊക്കേഷനില്‍ നിന്ന് പുറത്തെത്തിയ ഒരു ചിത്രത്തില്‍ പ്രണവ് ഉണ്ടായിരുന്നു എന്നത് ഈ റിപ്പോര്‍ട്ടുകള്‍ ശക്തമാക്കി. ജീത്തു ജോസഫിനൊപ്പം മുന്‍പ് സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രണവ് ഡയറക്ഷന്‍ ടീമിനൊപ്പമാണോ അതോ അഭിനേതാവായാണോ എന്നറിയാന്‍ കഴിഞ്ഞിരുന്നില്ല. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാലാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ഓണം റിലീസ് ആയാണ് സിനിമ പ്ലാന്‍ ചെയ്യുന്നതെന്ന് ചിത്രത്തിന്റെ കലാസംവിധായകനായ സന്തോഷ് രാമന് പറഞ്ഞിരുന്നു.






